 ടി.പി.ആർ മാനദണ്ഡങ്ങളുടെ അശാസ്ത്രീയത പരിഹരിക്കണം

മരട്: നഗരസഭയെ ട്രിപ്പിൾ ലോക്ക് ഡൗണിലേക്കെത്തിച്ച ടി.പി.ആർ ശരാശരി നിരക്കിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ പ്രമേയം പാസാക്കി. മരട് നഗരസഭയിൽ 170 പേർ മാത്രമാണ് നിലവിൽ രോഗബാധിതരായിട്ടുള്ളത്. ആകെ 33 ഡിവിഷനുകളുള്ള നഗരസഭയിൽ നിലവിലെ പരിശോധനാ ഫലമനുസരിച്ച് എട്ട് ഡിവിഷനുകളിൽ ഒരാൾപോലും രോഗിയായിട്ടില്ല.14 ഡിവിഷനുകളിൽ ഓരോ ഡിവിഷനിലുമുള്ള രോഗികളുടെ എണ്ണം അഞ്ചിൽ താഴെ മാത്രമാണ്. എട്ട് ഡിവിഷനുകളിൽ ഓരോ ഡിവിഷനുകളിലുമുള്ള രോഗികളുടെ എണ്ണം പത്തിൽ താഴെ മാത്രമാണ് .എന്നാൽ ഒരു ഡിവിഷനിൽ മാത്രം അൻപത് രോഗികളുണ്ട്. ഇതു പ്രകാരം ഏറ്റവും ഒടുവിൽ നടത്തിയ കൊവിഡ് പരിശോധനാ ഫലപ്രകാരം ടി.പി.ആർ നിരക്ക് 23.6 രേഖപ്പെടുത്തുകയും മരട് നഗരസഭ ഡി പട്ടികയിൽപ്പെട്ട് ട്രിപ്പിൾ ലോക്ക് ഡൗണിലാവുകയും ചെയ്തു. ഇത് ജനജീവിതം സ്തംഭനാവസ്ഥയിലാക്കി.. ഒരു മുനിസിപ്പാലിറ്റി മുഴുവൻ ട്രിപ്പിൾ ലോക്ക് ഡൗണിലാക്കി ജനജീവിതം സ്തംഭനാവസ്ഥയിലാക്കുന്ന ഈ അശാസ്ത്രീയ സംവിധാനം തിരുത്തണമെന്നും രോഗികളുടെ എണ്ണം നോക്കി തീരുമാനമെടുക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കളക്ടർ ,ഡി എം ഒ എന്നിവർക്ക് പ്രമേയത്തിന്റെ കോപ്പിനൽകി. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും പ്രമേയത്തിന്റെ കോപ്പി നേരിട്ട് നൽകും.അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ആവശ്യപ്പെട്ടു