കുറുപ്പംപടി: കേന്ദ്ര ജനിതക മത്സ്യ വിഭവ ഗവേഷണ ബ്യൂറോ ഡയറക്ടർ ഡോ. കുൽദീപ് കുമാർ ലാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗവേഷകസംഘം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.
ടെക്നോളജി ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതകൾ വിലയിരുത്തുന്നതിനാണ് സാധ്യതാപഠന സന്ദർശനം നടത്തിയത്. പുല്ലുവഴി 16ാം വാർഡിലെ ചെങ്ങൻചിറ, 12ാം വാർഡിലെ തായ്ക്കരചിറ എന്നിവയും 11-ാം വാർഡിലെ കാരിക്കോട്ട് പാടശേഖരവും പരിശോധിച്ചു.
ചെങ്ങൻചിറയും അതിനോട് ചേർന്നുള്ള സ്ഥലവും നിർദ്ദിഷ്ട ഗവേഷണ കേന്ദ്രത്തിന് അനുയോജ്യമാണെന്ന് സദർശന സംഘം അറിയിച്ചു. കൂടാതെ തനത് മത്സ്യ ഇനങ്ങളിൽ പെട്ട മഞ്ഞക്കൂരി അടക്കമുള്ള 6 ഇനം മത്സ്യക്കുഞ്ഞുങ്ങളെ അക്വാകൾച്ചർ കർഷകർക്കായി വിതരണം നടത്തി.
സെന്റർ തുടങ്ങാൻ സാധിച്ചാൽ തനത് മത്സ്യങ്ങളുടെ വിത്തുല്പാദന സാങ്കേതികവിദ്യ , രോഗനിർണയം, മത്സ്യം വളർത്തുന്നതിനുള്ള പരിശീലനം തുടങ്ങിയ സേവനങ്ങൾ ഈ സെന്ററിൽ നിന്ന് ലഭ്യമാകും.
സന്ദർശനത്തിന് ശേഷം പഞ്ചായത്ത് ഹാളിൽ ഡയറക്ടറും ടീം അംഗങ്ങളും അക്വാകൾച്ചർ കർഷകർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രവികുമാർ ആമുഖ പ്രസംഗം നടത്തി. കേന്ദ്ര ജനിതക മത്സ്യ വിഭവ ഗവേഷണ ബ്യൂറോ ഡയറക്ടർ കുൽദീപ് കുമാർ ലാൽ തനത് മത്സ്യ സമ്പത്ത് നിലനിർത്തുന്നതിന് ഈ ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം നടത്തി. മറ്റ് ഗവേഷകരായ ഡോ.അജിത്ത് കുമാർ, ഡോ. ബഷീർ, ഡോ. രാജാസ്വാമിനാഥൻ, ഡോ. ചരൺ,വൈസ് പ്രസിഡന്റ് ദീപ ജോയി എന്നിവർ പങ്കെടുത്തു.
വികസനകാര്യ ചെയർമാൻ ബിജു കുര്യാക്കോസ്, ആരോഗ്യ സ്റ്റാൻഡിംഗി കമ്മിറ്റി ചെയർമാൻ ബിജി പ്രകാശ്, മെമ്പർമാരായ സജി പടയാട്ടിൽ, സുബിൻ എൻ എസ് തുടങ്ങിയവർ സംസാരിച്ചു.