venurajamani
കുഫോസ് സന്ദർശിച്ച ഹോളണ്ടിലെ മുൻ ഇന്ത്യൻ അംബാസിഡർ വേണു രാജാമണി താൻ രചിച്ച 'പ്രളയം : പ്രതിരോധം, പുനർനിർമ്മാണം- പഠിക്കാം ഡച്ച് പാഠങ്ങൾ' എന്ന പുസ്തകം വൈസ് ചാൻസർ ഡോ.റിജി ജോണിന് സമ്മാനിക്കുന്നു. കെ. രഘുരാജ്, രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ, ജോബി ജോർജ് എന്നിവർ സമീപം.

കൊച്ചി: നയതന്ത്രജ്ഞനും ഹോളണ്ടിലെ മുൻ ഇന്ത്യൻ അംബാസിഡറുമായ വേണു രാജാമണി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) സന്ദർശിച്ച് വൈസ് ചാൻസർ ഡോ. റിജി ജോണും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ചെല്ലാനം തീരപ്രദേശത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമഗ്രമത്സ്യഗ്രാമം പദ്ധതിയുടെ നടത്തിപ്പ് ചുമതല കുഫോസിനാണ്. സമാനപ്രശ്‌നം ഗുരുതരമായി ബാധിച്ചിരുന്ന ഹോളണ്ടിന്റെ മാതൃകയെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനായാണ് കുഫോസ് അധികൃതർ വേണു രാജാമണിയെ ക്ഷണിച്ചത്.

നാലുവർഷം ഹോളണ്ടിൽ അംബാഡിഡറായിരുന്ന വേണു രാജാമണി 'പ്രളയം : പ്രതിരോധം, പുനർനിർമ്മാണം- പഠിക്കാം ഡച്ച് പാഠങ്ങൾ' എന്ന പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലും രചിച്ചിട്ടുണ്ട്. കടൽഭിത്തി നിർമ്മിച്ച് കടൽക്ഷോഭത്തെ തടയാമെന്ന ആശയം പ്രായോഗികമായി വിജയകരമല്ലെന്ന് വേണു രാജാമണി കുഫോസ് അധികൃതരുമായുള്ള ചർച്ചയിൽ പറഞ്ഞു. കടൽക്ഷോഭത്തെ ചെറുക്കാനുള്ള ഹോളണ്ട് മാതൃക അദ്ദേഹം വിശദീകരിച്ചു. രജിസ്ട്രാർ ഡോ.ബി. മനോജ്‌കുമാർ, ഡോ.കെ. ദിനേശ്, ജോബി ജോർജ്, കെ. രഘുരാജ്, ഡോ. ഡെയ്‌സി കാപ്പൻ, ഡോ. സഫീന എം.പി, ഡോ. ബ്ളോസം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.