pet

കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ള വളർത്തു മൃഗങ്ങൾക്കും കന്നുകാലികൾക്കും ലൈസൻസ് വേണമെന്നും ആറു മാസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശഭരണസ്ഥാപനങ്ങൾ നോട്ടീസിറക്കണമെന്ന നിർദ്ദേശം നൽകണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

ഭാവിയിൽ വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും ഇതിനായി ലൈസൻസ് ഫീസ് ഏർപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തുനായയെ അടിച്ചു കൊന്നതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് നിർദ്ദേശം. മൃഗങ്ങൾക്ക് സംരക്ഷണ മൊരുക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

രണ്ടാഴ്ചയ്ക്കകം പുനഃസംഘടിപ്പിക്കുന്ന മൃഗക്ഷേമ ബോർഡിൽ ജംബോ സമിതി വേണ്ടെന്നും പ്രവർത്തിക്കാൻ കഴിയുന്ന കുറച്ചുപേരാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ ഇക്കാര്യത്തിലുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ഹർജി തിങ്കളാഴ്ചയിലേക്ക് മാറ്റി. തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ലകൾ തോറും നിലവിലുള്ള സംവിധാനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ആംബുലൻസ് സൗകര്യം എന്നിവ വ്യക്തമാക്കി സർക്കാർ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.

 ഹർജി പരിഗണിക്കുന്നതിനിടെ കേസെടുത്തതിൽ വിശദീകരണം നൽകണം

വളർത്തുനായ ബ്രൂണോയുടെ ഉടമസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചതോടെ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഹൈക്കോടതി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയോട് നിർദ്ദേശിച്ചു. ഹർജി പരിഗണിക്കുന്നതിനിടെ ഇത്തരമൊരു നടപടി ഗൗരവമുള്ളതാണ്. ഇതൊരു സമ്മർദ്ദ തന്ത്രമാണോയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. വിവിധ സംഘടനകളും വ്യക്തികളും ഹർജിയിൽ കക്ഷി ചേർന്നു.