കൊച്ചി: പണിതിട്ടും പണിതിട്ടും പണിതീരാത്ത ആസ്ഥാനമന്ദിരമെന്ന ചീത്തപ്പേര് തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി കോർപ്പറേഷൻ. ഹൈക്കോടതിക്ക് സമീപം ഗോശ്രീ റോഡിൽ മറൈൻ‌ഡ്രൈവിൽ പുതിയ ഓഫീസിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഒരുവർഷത്തിനകം പണി പൂർത്തിയാക്കുമെന്ന് സ്ഥാനമേറ്റശേഷം മേയർ അഡ്വ.അനിൽകുമാർ പ്രഖ്യാപിച്ചിരുന്നു.

 തറക്കല്ലിട്ടത് മൂന്നുപ്രാവശ്യം

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് ആദ്യം ഓഫീസ് പണിയാൻ നിശ്ചയിച്ചത്. 2005 ൽ അന്നത്തെ മേയർ സോമസുന്ദരപ്പണിക്കർ അവിടെ തറക്കല്ലുമിട്ടു. കേസിനെത്തുടർന്ന് സ്ഥലം ശിവക്ഷേത്രത്തിന് കൈമാറേണ്ടിവന്നു. പിന്നീട് സി.എം. ദിനേശ് മണി മേയറായിരിക്കെയാണ് ഗോശ്രീപാലത്തിന് സമീപം സ്ഥലം വാങ്ങിയത്. 2006ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടു. പണി മുന്നോട്ടുപോയില്ല. 2015ൽ മുൻ മന്ത്രി കെ. ബാബു വീണ്ടും തറക്കല്ലിട്ടു.

കെട്ടിടത്തിന്റെ സവിശേഷതകൾ

 ഒന്നരയേക്കർ സ്ഥലം

 170,000 ചതുരശ്രയടി വിസ്തീർണം

 ആറുനില കെട്ടിടം

 ഇടതും വലത്തുമായി രണ്ട് ബ്ളോക്കുകൾ

 ഒന്നാം നിലയിൽ 200 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാൾ, സന്ദർശക ഗാലറി, മേയറുടെ കാബിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസുകൾ.

 ഗ്രൗണ്ട് ഫ്‌ളോറിൽ ജനസേവനകേന്ദ്രം, മറ്റു നിലകളിൽ വിവിധ ഓഫീസുകൾ

 എസ്റ്റിമേറ്റിലെ പാളിച്ച വിനയായി

2006 ൽ തുടങ്ങിയ കെട്ടിടത്തിന്റെ പണി കരാർപ്രകാരം ഒരുവർഷത്തിനകം പൂർത്തിയാക്കേണ്ടതായിരുന്നു. ആദ്യവർഷത്തിൽ എട്ടുകോടിയുടെ പണി പൂർത്തിയാക്കിയ കരാറുകാരന് ആറുകോടി മാത്രമാണ് കോർപ്പറേഷൻ നൽകിയത്. അതോടെ പ്രശ്നങ്ങളായി. ജോലികളിൽ എസ്റ്റിമേറ്റിൽ വരാത്ത ഇനങ്ങൾ കരാറുകാരൻ കൃത്യമായി വ്യക്തമാക്കിയെങ്കിലും അധികൃതർ പണം നൽകാൻ വിസമ്മതിച്ചതോടെ കരാറുകാരൻ പിന്മാറി.

2009, 2012 വർഷങ്ങളിൽ പദ്ധതി വീണ്ടും റീടെൻഡർ ചെയ്തു. 2012 ലെ എസ്റ്റിമേറ്റ് തുകയേക്കാൾ 22.2 ശതമാനം അധികനിരക്കിൽ പദ്ധതി പൂർത്തിയാക്കാൻ 2019ൽ അതേ കരാറുകാരന് അനുമതി നൽകുകയായിരുന്നു.

 പദ്ധതിചെലവ്

2006 -12 .7 കോടി

2012- 18.7

2015- 24.7

2021- 45 കോടി

 ചെലവ് വർദ്ധിക്കും

ലോക്ക്‌ ഡൗൺ സമയത്ത് നിർമ്മാണം തടസപ്പെട്ടെങ്കിലും പണി പുനരാരംഭിച്ചു. പ്ളംബിംഗ്, ഇലക്‌ട്രിക്കൽ എസ്റ്റിമേറ്റ് കൂടി വരുമ്പോൾ പദ്ധതിചെലവിൽ വർദ്ധനയുണ്ടാകാൻ സാദ്ധ്യതയുണ്ട്.

അഡ്വ.എം. അനിൽകുമാർ

മേയർ