കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 73 ദിവസത്തിനിടെ ഒരുതവണ പോലും കടകൾ തുറക്കാൻ കഴിയാത്തവരുണ്ട്. കൊവിഡ് വ്യാപനത്തിലെ പ്രധാന പ്രതികൾ കച്ചവടക്കാരാണെന്ന മട്ടിലാണ് സർക്കാർ പെരുമാറുന്നതെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് പറഞ്ഞു.
രണ്ട്, മൂന്ന് തട്ടുകളിലായാണ് കച്ചവടം നടക്കുന്നത്. കൊവിഡും ലോക്ക് ഡൗണുമൊന്നും ഓൺലൈൻ ബിസനസിനെ ബാധിച്ചിട്ടില്ല. മാളുകളും വൻകിട സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നു. ഉന്തുവണ്ടിയിലും വഴിയോരത്തും കച്ചവടം ചെയ്യുന്നവരാണ് മറ്റൊരു വിഭാഗം. രണ്ടിനുമിടയിലാണ് ചെറുകിട ഇടത്തരം മേഖല. മൂന്നുതരം പൗരൻമാരെ സൃഷ്‌ടിക്കുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. വ്യാപാരികൾക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും സാധാരണ ചടങ്ങുകൾ മുറപോലെ നടക്കുന്നു. ആൾക്കൂട്ടത്തിന് കുറവുമില്ല. ബക്രീദ് കച്ചവട സീസണാണ്. കടവാടക, തൊഴിലാളികളുടെ ശമ്പളം, സ്റ്റോക്കിന് ഉണ്ടാകുന്ന നാശനഷ്‌ടങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിനിധികളെ ഒരു ചർച്ചയിലും ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റവും അധികം സാമ്പത്തിക ക്രയവിക്രയങ്ങൾ നടക്കുന്ന ചെറുകിട മേഖലയ്ക്ക് സർക്കാർ പരിരക്ഷ നൽകുന്നില്ലെന്ന് മാത്രമല്ല വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്നു. ഒന്നരകോടിയോളം പേർ പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്ന കാര്യം ഓർമ്മവേണം.