പറവൂർ: പറവൂർ താലൂക്കിൽ കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂർ വില്ലേജുകളിലെ വിവിധ പ്രദേങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ ദുരിത ബാധിതരായവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം റവന്യൂമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിൽ നാശം വിതച്ച കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളി, വള്ളുവള്ളി പ്രദേശങ്ങളിൽ റവന്യങ്ങ ഉദ്യോഗസ്ഥർക്കൊപ്പം അദ്ദേഹം സന്ദർശിച്ചു.
പ്രളയക്കെടുതിയിൽനിന്ന് കരകയറുമ്പോഴാണ് പ്രദേശത്തുകാർ ലോകം കീഴടക്കിയ കൊവിഡിനെ അഭിമുഖീകരിച്ചത്. ഇപ്പോൾ ഇരട്ടി പ്രഹരമെന്നപോൽ ചുഴലിക്കാറ്റുമെത്തി. സർക്കാരിന്റെ സാധാരണ നഷ്ടപരിഹാരത്തിനപ്പുറം പ്രത്യേക പാക്കേജ് നടപ്പിലാക്കിയാലേ ഇവർക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കുകയുള്ളു. എത്രയും വേഗത്തിൽ പ്രദേശത്തെ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ അദ്ദേഹം റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.