ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറുമേനി വിജയം നേടുന്ന കീഴ്മാട് അന്ധവിദ്യാലയത്തിലെ കുട്ടികൾ ഇക്കുറിയും ചരിത്രം ആവർത്തിച്ചു. പരീക്ഷയെഴുതിയ അഞ്ചുപേരും ഉപരിപഠന യോഗ്യത നേടി. രണ്ടുപേർ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയത് വിജയത്തിന്റെ മാറ്റുകൂട്ടി.
തൃശൂർ വലപ്പാട് സ്വദേശിനിയായ നർമ്മദ രവിയും തൃശൂർ നാട്ടിക സ്വദേശിനിയായ പി.എം. ഫാത്തിമയുമാണ് ഫുൾ എ പ്ളസ് നേടിയവർ. ഇരുവരും പഠനത്തിൽ മാത്രമല്ല കായിക മേഖലയിലും തിളങ്ങിയവരാണ്. കേരള വനിത ബ്ളൈൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളാണ്. സംസ്ഥാനതല പ്രവൃത്തിപരിചയ മേളകളിലും കലോത്സവത്തിലും വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇവർക്കൊപ്പം എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ആകാശ് സി.ബി, അനിൽകോശി, മേരി ഹെലൻ എന്നിവർ ഉൾപ്പെടുന്ന ടീം ബാൻഡ് ഡിസ്പേളയിൽ തുടർച്ചയായി സംസ്ഥാന ജേതാക്കളാണ്.
നഴ്സറി ക്ളാസ് മുതൽ ഏഴാംക്ളാസ് വരെയാണ് കീഴ്മാട് അന്ധവിദ്യാലയത്തിൽ നേരിട്ട് ക്ളാസ് നടത്തുന്നത്. ഹൈസ്കൂൾ വിഭാഗം കുട്ടികൾ പഠിക്കുന്നതും പരീക്ഷയെഴുതുന്നതും കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. അന്ധവിദ്യാലയം ഹോസ്റ്റലിൽ കുട്ടികൾക്ക് പ്രത്യേകം ട്യൂഷൻ ഏർപ്പെടുത്തുകയാണ് പതിവ്.