കോലഞ്ചേരി: കൊവിഡിൽ ജീവിതത്തിന്റെ സ്വർണത്തിളക്കം മാഞ്ഞ് സ്വർണപണിക്കാർ. സ്വർണവില വിപണിയിൽ ചാഞ്ചാടി നില്ക്കുമ്പോഴും ഇവരുടെ ജീവിതത്തിന് ഒരു മാറ്റുമില്ലാതായി. കനകം വിരിയിച്ച കൈകളിന്ന് ജീവിത വഴി തേടാൻ ഏതു തൊഴിലിനും തയ്യാറായി നില്ക്കുകയാണ്. പട്ടിമറ്റം മേഖലയിലെ നിരവധി പണിക്കാർ കല്ലു കൊത്തുന്ന തൊഴിലിലേക്ക് മാറി.
സ്വർണക്കടകളിൽ നിന്നും പണി വാങ്ങി നാട്ടിൽ പലയിടത്തായി വീതിച്ചു നല്കി സ്വർണപ്പണി നടത്തിയിരുന്നവരും ധാരാളമായിരുന്നു. സ്വർണക്കടകളിൽ ഡിപ്പോസിറ്റ് നല്കിയാണ് പണിയാൻ സ്വർണം വാങ്ങിയിരുന്നത് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ പലരും ഡിപ്പോസിറ്റ് തുക തിരിച്ചു വാങ്ങി. അങ്ങനെ അവശേഷിച്ച പണിയും പോയി. വല്ലപ്പോഴും വിളക്കലും, പോളീഷിംഗിനുമായി എത്തിയിരുന്നവരും കൊവിഡ് ഭീതിയിൽ വരവൊഴിവാക്കി. ജ്വല്ലറികൾ ഇപ്പോൾ ഓർഡർ നല്കുന്നില്ല. ക്ഷേത്രങ്ങളിൽ വിശേഷാൽ ചടങ്ങുകളുമില്ല. ഫലത്തിൽ പൂർണ തൊഴിൽ രഹിതരായി മാറി.
തൊഴിലില്ലായ്മ രൂക്ഷം
കൊവിഡ് വരുന്നതിനു മുമ്പ് തന്നെ ഈ മേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. കൊവിഡിന്റെ രണ്ടാം വരവോടെ തൊഴിൽതന്നെ നശിച്ചു. വലിയ സ്വർണക്കടകൾ യന്ത്ര നിർമിതമായ ആഭരണങ്ങൾക്ക് പ്രാധാന്യം നല്കിയതോടെ അന്യ സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ വരുത്തി ദിവസകൂലിക്ക് ആഭരണങ്ങൾ പണിയിച്ചു.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഏജന്റുമാർ കിലോ കണക്കിന് സ്വർണാഭരണങ്ങൾ എത്തിച്ച് കടകളിൽ വിതരണം ചെയ്തു തുടങ്ങിയതോടെ പണി ഒട്ടും ഇല്ലാതായി. ഇനി ഒരു ഉയർത്തെഴുന്നേൽപുണ്ടാകുമോ എന്ന ഭീതിയാണിവർക്ക്.