ആലുവ: ആലുവയിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ മുഴുവൻ വാർഡുകളിലും പ്രതിരോധസമിതികൾ വിളിച്ചുചേർക്കണമെന്ന് എൽ.ഡി.എഫ് ആലുവ മുനിസിപ്പൽ കൺവീനർ രാജീവ് സഖറിയ ആവശ്യപ്പെട്ടു.
നഗരത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരസഭ കൊതുക് നശീകരണത്തിനായി പ്രവർത്തിക്കുന്നില്ല. ഫോഗിംഗ് ഫലപ്രദമല്ല. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത വാർഡുകളിൽപോലും കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടും സ്‌പ്രേയിംഗ് നടക്കുന്നില്ല. ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കും റെയിൽവേ സ്റ്റേഷൻ ഭാഗത്തും ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലപ്പഴക്കം ചെന്ന മരുന്നാണ് കൊതുക് നശീകരണത്തിന് നഗരസഭ ഉപയോഗിക്കുന്നത്. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ തികഞ്ഞ അലംഭാവമാണ് നഗരസഭയുടേതെന്നും രാജീവ് സഖറിയ ആരോപിച്ചു.

 കൊതുക് നശീകരണ മരുന്നിന്റെ കാലാവധി കഴിഞ്ഞെന്ന്

നഗരസഭ കൊതുകുനശീകരണത്തിനായി ഉപയോഗിക്കുന്ന കീടനാശിനി 2019 ഫെബ്രുവരിയിൽ കാലാവധി അവസാനിച്ചതാണെന്ന് ബി.ജെ.പി നേതാവും നഗരസഭ കൗൺസിലറുമായ പ്രീത രവി ആരോപിച്ചു. കാലാവധി കഴിഞ്ഞ കീടനാശിനികൾ നശിപ്പിക്കണമെന്ന നിയമം നഗരസഭതന്നെ ലംഘിക്കുകയാണ്. മുനിസിപ്പൽ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ദുരുപയോഗിക്കുകയാണ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത നടപടിക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും പ്രീത രവി പറഞ്ഞു.