കുറുപ്പംപടി: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അശമന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മുതൽ വലിയ കാറ്റും മഴയും മൂലം വൈദ്യുതി തടസം നേരിട്ടിരുന്നു. അതിനാൽ പി.എച്ച്.സിയിൽ സ്ലോട്ട് കിട്ടി എത്തിയവർക്കും ക്യാമ്പ് വഴി വാക്സിൻ നൽകേണ്ടവർക്കും വാക്സിനേഷൻ മുടങ്ങരുതെന്ന ലക്ഷ്യത്തോടെ ഉടനെ തന്നെ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനറേറ്റർ ഉപയോഗിച്ച് വാക്സിനേഷൻ രണ്ടു കൂട്ടർക്കുമായി ഓടക്കാലി സ്കൂളിൽ വച്ച് നൽകുന്നതിന് സൗകര്യമൊരുക്കുകയായിരുന്നു. ഇതിനിടെ പ്രാദേശിക സ്വകാര്യ ചാനലിലെ റിപ്പോർട്ടർ തന്റെ കുടുംബാംഗത്തിന് ആദ്യം വാക്സിൻ നൽകണമെന്ന ആവശ്യം ഉന്നയിയിച്ചപ്പോൾ അംഗീകരിക്കാൻ നിർവാഹമില്ലെന്നറിയിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും അപകീർത്തിപ്പെടുത്താൻ വേണ്ടി മനപ്പൂർവ്വം കെട്ടിച്ചമച്ചതാണ് വാർത്തയെന്ന് പ്രസിഡന്റ് പറഞ്ഞു. മാതൃകാപരമായ ക്യാമ്പുകൾ സംഘടിപ്പിച്ച് ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്ന ഗ്രാമപഞ്ചായത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ദുഖകരമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.