പറവൂർ: പൊക്കാളി കൃഷി സംരക്ഷിക്കുക, വർഷക്കെട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വർഷങ്ങളായി കൃഷി ചെയ്യാതെ ചെമ്മീൻകെട്ട് നടത്തുന്ന കൃഷിയിടത്തിൽ കെ.എസ്.കെ.ടി.യു ഏഴിക്കര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പൊക്കാളി പാടം യന്ത്രം ഉപയോഗിച്ച് തരം മാറ്റിയ നടപടിയിലും പ്രതിഷേധിച്ചു. പൊക്കാളി കൃഷി നടത്താതെ ചെമ്മീൻ കെട്ടുമാത്രം നടത്തി വരുന്ന ഏഴിക്കര പഞ്ചായത്തിലെ കെട്ടുടമകൾക്ക് ഫിഷറീസ് വകുപ്പ് ലൈസൻസ് അനുവദിക്കരുതെന്ന് ഏരിയ സെക്രട്ടറി എ.ബി. മനോജ്, പ്രസിഡന്റ് എ.കെ. രഘു എന്നിവർ ആവശ്യപ്പെട്ടു.