പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിലെ വാർഷിക പദ്ധതിയിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായി അഡ്വ പി.വി.ശ്രീനിജൻ എം.എൽ.എൽ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എം.അബ്ദുൾ അസീസ് സി.പി. സുബൈറുദ്ദീൻ, വിനിത ഷിജു പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി റെജിമോൻ, നിർവഹണ ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുത്തു. സഞ്ചാരയോഗ്യമല്ലാത്ത ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം കുളങ്ങൾ തോടുകൾ ചിറകൾ തുടങ്ങി കുടിവെള്ള സ്രോതസുകളുടെ സംരക്ഷണം, അങ്കണവാടികളുടെ നിർമ്മാണവും അടിസ്ഥാന സൗകര്യവും, ഭൗതീക സാഹചര്യങ്ങളൊരുക്കലും പഞ്ചായത്തിന് സ്വന്തമായി ഒരു കളിസ്ഥലം പഞ്ചായത്തിലൊരു ബഡ് സ്കൂൾ ഉൾപ്പടെയുള്ള വികസന കാര്യങ്ങൾ ഭരണ സമിതി യോഗത്തിൽ നിർദ്ദേശിച്ചു. അവലോകന യോഗത്തിൽ ഭരണ സമിതി മുന്നോട്ട് വച്ച നിർദേശങ്ങൾ പരിഗണിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ. പറഞ്ഞു.