പൂത്തോട്ട: പൂത്തോട്ട എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലക്ഷ്മി രവീന്ദ്രന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം. സൗത്ത് പറവൂർ പുന്നക്കാവെളി കൊച്ചുപറമ്പിൽ ലക്ഷ്മി രവീന്ദ്രനാണ് വിധിയെ തോൽപ്പിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ശരീരത്തിലെ എല്ലുകൾ പൊടിയുന്ന പ്രത്യേക രോഗബാധിതയാണ് ലക്ഷ്മി. എന്നാൽ അതിന്റെ പേരിൽ സഹതാപം നേടാൻ ഈ മനസ് ഒരുക്കമല്ല. സ്കൂളിലെ 155 പേർക്ക് മുഴുവൻ എ പ്ലസ് ഉണ്ടെങ്കിലും സ്ക്രൈബിനെ അടുത്തിരുത്തി പൊരുതി നേടിയ ഈ വിജയത്തിന് പ്രാധാന്യമേറെ. കോടതിയുടെ ഉത്തരവായിരുന്നു ലക്ഷ്മിക്ക് സഹായം. ആവശ്യം വരുമെങ്കിൽ മാത്രം ഇടപെടാൻ നിർദ്ദേശിച്ചുള്ളതായിരുന്നു കോടതി ഉത്തരവ്. വളരെ അത്യാവശ്യ ഘട്ടത്തിൽ നാമമാത്രമായ സഹായംമാത്രമാണ് തേടിയത്.
വിജയത്തിളക്കത്തിനുപിന്നിൽ ഹെഡ്മാസ്റ്റർക്കും ക്ലാസ് ടീച്ചർക്കും മറ്റ് അദ്ധ്യാപകർക്കും മാനേജ്മെന്റിനും സഹപാഠികൾക്കും നന്ദി പറയുകയാണ് ലക്ഷ്മിയും കുടുംബവും. ഗ്രാഫിക് ഡിസൈനറാകണമെന്നാണ് ചിത്രകാരി കൂടിയായ ലക്ഷ്മിയുടെ ആഗ്രഹം.