1
തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ,വാർഡ് കൗൺസിലർ രാധാമണി പിളള എന്നിവർ അപകടാവസ്ഥയിലായ ഇരുമ്പ് പാലം സന്ദർശിക്കുന്നു

തൃക്കാക്കര: തുതിയൂരിൽ നിന്ന് ഏരൂരിനെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കുമെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു. "തുതിയൂർ - ഏരൂർ ഇരുമ്പുപാലം എന്നുതീരും ശനിദശ"യെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് വെട്ടുവേലിപ്പാലം സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവർ. ഇരുമ്പ് പാലത്തിന് ഇരുകരകളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലമായതിനാൽ നിലവിൽ അപകടാവസ്ഥയിലായ പാലം നവീകരിക്കാനോ പുനർനിർമ്മിക്കാനോ കഴിയില്ല. പി.ടി. തോമസ് എം.എൽ.എ മുൻകൈയെടുത്ത് തുതിയൂരിൽനിന്ന് പുതിയപാലം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. കൊവിഡ് കാലമായതിനാലാണ് പദ്ധതി വൈകിയത്. തുതിയൂർ നിവാസികളുടെ യാത്രാപ്രശ്നം അടിയന്തരമായി എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിൽ പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ മുൻകൈയെടുക്കും. വാർഡ് കൗൺസിലർ രാധാമണി പിള്ള, പൊതുപ്രവർത്തകൻ ആർ. രാജേഷ്, പ്രദേശവാസി ബൈജു എന്നിവരും ചെയർപേഴ്സനൊപ്പം ഉണ്ടായിരുന്നു.