നെടുമ്പാശേരി: ദേശീയപാതയിൽ ചെങ്ങമനാട് പഞ്ചായത്ത് ഒാഫീസിന് സമീപം പറമ്പയത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യം തള്ളാനിടയായ സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അൻവർസാദത്ത് എം.എൽ.എ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആറിന് രാത്രിയാണ് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ടോറസ് വാഹനങ്ങളിൽ എത്തിച്ച ടൺ കണക്കിന് മാരക രോഗഭീഷണി ഉയർത്തുന്ന ആശുപത്രി മാലിന്യങ്ങൾ തള്ളിയത്. കോട്ടയം മെഡിക്കൽ കോളജിലെ മാലിന്യം തള്ളാനിടയായ സംഭവം ഗൗരവകരമായി കാണണമെന്ന് എം.എൽ.എ മന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ നടപടിയുണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.