തൃപ്പൂണിത്തുറ: ഇക്കുറിയും പൂത്തോട്ട എസ്.എൻ.ഡി.പി. ശാഖയുടെ കീഴിലുള്ള ക്ഷേത്ര പ്രവേശന മെമ്മോറിയൽ സ്കൂൾ പത്താം ക്ളാസ് പരീക്ഷയിൽ പൂർണവിജയം തേടി. പരീക്ഷ എഴുതിയ 383 പേരും വിജയിച്ചു. 155 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിൽ വീണ്ടും മുൻനിരയിലെത്തി.
ജില്ലാ അതിർത്തി പ്രദേശത്തായതിനാൽ എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിങ്ങനെ മൂന്നു ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമെന്ന പ്രത്യേകതയും കെ.പി.എം സ്കൂളിനുണ്ട്. ഇവിടെ പഠിക്കുന്ന 1563 കുട്ടികളിൽ ഏറെയും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്.
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക കോച്ചിംഗ് ക്ളാസുകളും നടത്തി. എൻ.സി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയും സ്കൂളിലുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാണ്.
കൃത്യമായ ഓൺലൈൻ പഠനവും
പൂർവ്വ വിദ്യാർത്ഥികളും മാനേജ്മെൻറും അദ്ധ്യാപകരും പി.ടി.എയും ഒത്തൊരുമിച്ചുള്ള പ്രവർത്തനവുമാണ് നൂറ് മേനി വിജയത്തിന് പിന്നിലെന്ന് ശ്രീനാരായണ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജരും എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റുമായ ഇ.എൻ.മണിയപ്പൻ പറഞ്ഞു.
കൊവിഡ് കാലത്ത് ഓൺലൈനിൽ ചിട്ടയോടെ നടത്തിയ അദ്ധ്യയനമാണ് മികച്ച വിജയത്തിന്റെ അടിസ്ഥാനമെന്ന് ഹെഡ്മാസ്റ്റർ അനൂപ് സോമരാജ് പറഞ്ഞു.