കൊച്ചി: സിനിമാ, സീരിയൽ നടിയും ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന ചെയർപേഴ്‌സണുമായിരുന്ന പ്രസന്ന സുരേന്ദ്രൻ (63) നിര്യാതയായി. സംസ്കാരം നടത്തി.
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായി ആശുപത്രിയിൽ കഴിയവേ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം.
കലൂർ സ്റ്റേഡിയത്തിന് സമീപം റീഗൽ റോയലിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യയാണ്. മക്കൾ: സൂര്യ, പരേതനായ സൂരജ്. മരുമകൻ: സുനിൽ (ഷാർജ)
ഒ.ടി.ടി വഴി റിലീസ് ചെയ്ത 'തിമിരം' ആണ് പുതിയ സിനിമ. പുറത്തിറങ്ങാനിരിക്കുന്ന 'ബർമുഡ'യാണ് അവസാനം അഭിനയിച്ച സിനിമ. പത്മരാജൻ, ഐ.വി. ശശി, ഭരതൻ തുടങ്ങിയ പ്രമുഖസംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിമന്യു, ഇന്നലെ, അപാരത, ചാണക്യൻ, കേളി, എന്റെ സൂര്യപുത്രിക്ക്, തത്സമയം ഒരു പെൺകുട്ടി, തച്ചോളി വർഗീസ് ചേകവർ, വാദ്ധ്യാർ, ഗ്ളോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളിലും ദൂരദർശനിൽ നിരവധി സീരിയലുകളിലും വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തു വർഷത്തിലേറെയായി സിനിമ വിട്ട് സാമൂഹ്യ, ആത്മീയ പ്രവർത്തനങ്ങളിലായിരുന്നു. മകൻ സൂരജിന്റെ അപകടമരണവും ആരോഗ്യപ്രശ്നങ്ങളുമാണ് സിനിമയോട് വിടപറയാൻ കാരണം.
താര സംഘടനയായ അമ്മയിലെ അംഗമായിരുന്നു. ചൈൽഡ് പ്രൊട്ടക്ട് ടീമിന് പുറമെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന 'സ്‌നേഹിത' എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.