കളമശേരി: ഫാക്ടിൽനിന്ന് വിരമിച്ച ജീവനക്കാർ ശമ്പള കുടിശികയ്ക്കുവേണ്ടി കോർപ്പറേറ്റ് ഓഫീസിനുമുന്നിൽ നടത്തിയ ധർമ്മസമരം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എം പിമാരുടെ നേതൃത്വത്തിൽ രാസവളം രാസവസ്തുവകുപ്പ് മന്ത്രിയെ കണ്ട് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഫാക്ട് എംപ്ലോയീസ് റിട്ട. അസോസിയേഷൻ പ്രസിഡന്റ് കെ.സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ കെ. ചന്ദ്രൻപിള്ള, കെ.എൻ. ഗോപിനാഥ്, വി.പി. ജോർജ്, ദേവസിക്കുട്ടി പടയാട്ടിൽ, മധു പുറക്കാട്, പി.എസ്. അഷറഫ്, ഡി. ഗോപിനാഥൻ നായർ, എൻ.പി. ശങ്കരൻകുട്ടി, ഫിലിപ്പ് ജോസഫ്, സച്ചിദാനന്ദൻ, പി.എസ്. മുരളി, സാജു വർഗീസ്, രഘുനാഥ് പനവേലി, എം.എം. ജബ്ബാർ എന്നിവർ സംസാരിച്ചു.
ഫാക്ടിന്റെ ടൈംഗേറ്റ്, സൗത്ത് ഗേറ്റ്, ഫെഡോ, ഹെഡ് ഓഫീസ്, അമ്പലമേട് തുടങ്ങിയ പ്രധാന കവാടങ്ങളിൽ പ്രതിഷേധസമരം നടന്നു. 54 മാസത്തെ കുടിശികയാണ് കിട്ടാനുള്ളതെന്നും മൂന്നുവർഷം തുടർച്ചയായി ലാഭത്തിലെത്തിയാൽ നൽകാമെന്നുള്ള കരാറുള്ളതാണെന്നും കോടതി അനുകൂലമായി വിധിച്ചിട്ടും മാനേജ്മെന്റ് കാലതാമസം വരുത്തുകയാണെന്നും നേതാക്കൾ പറഞ്ഞു. 24 വർഷമായി കാത്തിരിക്കുന്നു. പ്രായാധിക്യവും രോഗങ്ങളും മഹാമാരിയും മൂലം ജീവിതം ദുരിതപൂർണമാണെന്നും തൊഴിലാളികൾ പറഞ്ഞു.
മാനേജുമെന്റ് നിലപാട്
ശമ്പളകുടിശിക നൽകണമെങ്കിൽ സർക്കാരുമായി കൂടിയാലോചിച്ച ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളാൻ കഴിയുകയെന്നും സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നതുകൊണ്ടാണ് കാലതാമസമെന്നും എഗ്രിമെന്റിൽ പുന:പരിശോധന നടത്താമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും കമ്പനി വക്താവ് പറഞ്ഞു.