കോതമംഗലം : മലക്കപ്പാറ അറാക്കാപ്പിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ എത്തി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ നിലപാട് കടുപ്പിക്കുന്നു. മരിച്ചാലും ഇനിയൊരു തിരിച്ചു പോക്കില്ല എന്നാണ് കുടുംബങ്ങൾ ഒന്നടങ്കം പറയുന്നത്. ഞങ്ങളുടെ മാത്രം പ്രശ്നമല്ല കേരളത്തിലെ ഒട്ടു മിക്ക ആദിവാസി ഊരുകളിലും സമാനമായ അനുഭവങ്ങൾ ഉണ്ട്. അതിനൊരു അറുതി വരാൻ തന്നെയാണ് സ്വന്തം ഊരു ഉപേക്ഷിച്ച് ഇറങ്ങിയത്.
ആദിവാസികളുടെ പ്രശ്നങ്ങൾ സർക്കാർതലത്തിൽ എത്തിക്കുവാൻ വേണ്ടിയാണ് എസ്. ടി പ്രൊമോട്ടർമാരെ നിയമിച്ചിട്ടുള്ളത്. അതിരപ്പള്ളി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ താമസിക്കുന്ന ഞങ്ങളെ എസ്. ടി പ്രമോട്ടർ കാണുന്നത് വല്ലപ്പോഴും മലക്കപ്പാറയിൽ വച്ചാണ്. ഞങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ വന്നു കണ്ടു മനസ്സിലാക്കി മേലുദ്യോഗസ്ഥർക്ക് നൽകുവാൻ പലപ്പോഴും എസ് ടി പ്രമോട്ടർക്ക് കഴിയുന്നില്ല. അറാക്കാപ്പു കോളനിയുടെ എസ് ടി പ്രമോട്ടർ പതിനൊന്നു കുടുംബങ്ങൾ ഊര് വിട്ട് ഇറങ്ങിപ്പോയി ആ വാർത്ത മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത് എന്ന് അന്വേഷിച്ചപ്പോൾ ഞങ്ങളോട് പറഞ്ഞു.
നിരന്തരമായ ആവശ്യപ്പെടലുകൾക്ക് ശേഷം ഇന്നലെ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെ കൊവിഡ് ടെസ്റ്റ് ചെയ്തു, എല്ലാവരുടെയും റിസൾട്ട് നെഗറ്റീവ് ആണ്.
ഹൃദയസംബന്ധമായ രോഗമുള്ള മീനാക്ഷി അമ്മയ്ക്ക് നാല് ദിവസത്തെ കാത്തിരിപ്പിനുശേഷം ഇന്നലെ മരുന്ന് എത്തിച്ചു. കൂട്ടത്തിൽ ഏറ്റവും പ്രായമുള്ള വ്യക്തിയാണ് മീനാക്ഷിയമ്മ.
ആദ്യദിവസത്തെ ചർച്ചയ്ക്കുശേഷം നിലവിൽ സർക്കാരിന്റെ തീരുമാനം എന്താണെന്ന് ഒരു അറിയിപ്പും ഇതുവരെയും ലഭിച്ചിട്ടില്ല. മൂന്നു ദിവസത്തിനകം തീരുമാനം ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് ഇന്നേക്ക് 12 ദിവസമായി. എന്തായാലും ഒരു തിരിച്ചുപോക്ക് ഇനി ഞങ്ങൾക്കില്ല.