train

കൊച്ചി: കൊവിഡ് ഇളവുകളെ തുടർന്ന് ട്രെയിൻ സർവീസ് ഭാഗികമായി പുനരാരംഭിച്ചുവെങ്കിലും റിസർവേഷൻ ഉള്ളവർ മാത്രം യാത്ര ചെയ്താൽ മതിയെന്ന റെയിൽവേയുടെ കടുംപിടിത്തം യാത്രക്കാരെ വലയ്ക്കുന്നു. ഇപ്പോൾ ഓടുന്ന ചുരുക്കം ട്രെയിനുകളിലെ യാത്രക്കാരിൽ ഏറെപ്പേരും സ്ഥിരം ആളുകളാണെങ്കിലും സീസൺ ടിക്കറ്റ് അനുവദിക്കാൻ റെയിൽവേ തയ്യാറല്ല. ഓരോ യാത്രയ്ക്കും പ്രത്യേകം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പലർക്കും പറ്റാറില്ല. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് കിട്ടുകയുമില്ല. അതിനാൽ പതിവു യാത്രക്കാർക്കു പോലും പലപ്പോഴും മറ്റുവഴി തേടേണ്ടി വരുന്നുമുണ്ട്. മാത്രമല്ല സീസൺ ടിക്കറ്റിന് വേണ്ടി വരുന്നതിനെക്കാൾ വളരെ കൂടുതൽ തുക ചെലവാക്കേണ്ടിയും വരുന്നു.

ഈ മാസം മുതൽ മെയിൽ / എക്‌സ്‌പ്രസ് ട്രെയിനുകളിൽ മിക്കവയും പ്രത്യേക ട്രെയിനുകളായി ഓടിത്തുടങ്ങിയിട്ടുണ്ട്.

എന്നാൽ സാധാരണക്കാരും സ്ഥിരം യാത്രികരും ആശ്രയിക്കുന്ന മെമു, പാസഞ്ചർ ട്രെയിനുകൾ പേരിനു മാത്രമേയുള്ളൂ.

റിസർവ് ചെയ്യാനാണെങ്കിൽ ഇന്റർനെറ്റ് ഹാൻഡ്‌ലിംഗ് ചാർജ് ഇനത്തിൽ ഓരോ ടിക്കറ്റിന് 15 രൂപ അധികം ചെലവാകും. പാസഞ്ചറുകളും മെമു ട്രെയിനുകളും പൂർണമായും ഓടിത്തുടങ്ങിയാലേ സ്ഥിരം യാത്രക്കാർക്ക് ഉപകരിക്കുകയുള്ളൂ.

സർക്കാർ ഇടപെടണം

സ്ഥിരം യാത്രക്കാർക്കായി രാവിലെയും വൈകിട്ടും മെമു, പാസഞ്ചർ ട്രെയിനുകൾ കൂടി ഓടിക്കണം.കേരളത്തിനകത്തു കൂടി പകൽ ഓടുന്ന ഹ്രസ്വദൂര, ഇന്റർസിറ്റി എക്സ്‌പ്രസുകളിൽ റിസർവേഷൻ ആവശ്യമില്ലാത്തതും തത്സമയം ടിക്കറ്റെടുക്കാവുന്നതുമായ സാധാരണ കോച്ചുകൾ അനുവദിക്കണം.സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള എം.പിമാരും ഇതിനായി ഇടപെടലുകൾ നടത്തണമെന്ന് യാത്രക്കാർ പറയുന്നു.

അടിസ്ഥാന പദ്ധതികൾക്ക്

മുൻഗണന നൽകണം

കേരളത്തിലെ റെയിൽവെ വികസനപദ്ധതികൾ ചർച്ച ചെയ്യാനായി അടുത്ത പാർലമെന്റ് സമ്മേളനത്തിന് ശേഷം പ്രത്യേക യോഗം ചേരാമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകിയെന്ന വാർത്ത പ്രതീക്ഷ നൽകുന്നു. കോട്ടയം , ആലപ്പുഴ പാതയിലെ ബാക്കിയുള്ള ഇരട്ടിപ്പിയ്ക്കൽ, ടെർമിനലുകളുടെ വികസനം, ഗുരുവായൂർ തിരുനാവായ പാത, സിഗ്‌നൽ സംവിധാനത്തിന്റെ നവീകരണം, കൂടുതൽ മെമു സർവീസുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ചർച്ചയിൽ മുൻഗണന നൽകണം

പി.കൃഷ്ണകുമാർ, തൃശൂർ റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി