കൊച്ചി: കടൽക്ഷോഭം മൂലം ജനജീവിതം ദുസഹമായ ചെല്ലാനം തീരപ്രദേശത്ത് മാതൃക മത്സ്യഗ്രാമം പദ്ധതിയിൽ നടപ്പിലാക്കേണ്ട വികസനപദ്ധതികളുടെ കരട് റിപ്പോർട്ട് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കുഫോസിന്റെ പുതുവെപ്പ് കാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാന് കുഫോസ് വൈസ് ചാൻസലർ ഡോ.റിജി ജോൺ റിപ്പോർട്ട് കൈമാറി. കണ്ടൽകാടുകളുടെ ജൈവഭിത്തി തീർക്കുക, കരയിലേക്ക് എത്തുന്ന വെള്ളം ഒഴിഞ്ഞുപോകാൻ ഉണ്ടായിരുന്ന നൂറോളം കനാലുകൾ പുന:സ്ഥാപിക്കുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ, കുഫോസ് രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ ആർ.ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.