കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ പ്രതികളായ പി.എസ്. സരിത്ത്, കെ.ടി. റമീസ്, റബിൻസ്, മുഹമ്മദ് ഷാഫി, എ.എം. ജലീൽ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലായ് 29 ന് പരിഗണിക്കാൻ മാറ്റി. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ഇന്നലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്‌മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജികൾ പരിഗണനയ്ക്കെടുത്തപ്പോൾ യു.എ.പി.എ പ്രകാരമുള്ള കുറ്റം കേസിൽ നിലനിൽക്കുമോയെന്നതു സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് എൻ.ഐ.എ അറിയിച്ചു. തുടർന്നാണ് ഹർജികൾ മാറ്റിയത്.