കൊച്ചി: എറണാകുളം–ഷൊർണൂർ പാതയിൽ ഓട്ടോമാറ്റിക് സിഗ്‌നലിംഗ് (എ.ബി.എസ്) സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. എറണാകുളം–പൂങ്കുന്നം, പൂങ്കുന്നം–തൃശൂർ എന്നിങ്ങനെ രണ്ട് സെക്ഷനായി ഓട്ടമാറ്റിക് സിഗ്‌നലിംഗ് ഏർപ്പെടുത്താൻ പദ്ധതി തയാറാക്കിയതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് ഹൈബി ഈഡൻ എം.പിക്ക് ഉറപ്പു നൽകി.

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ റെയിൽവെ പദ്ധതികളുമായി ബന്ധപ്പെട്ട് ചെന്നൈ ദക്ഷിണ റെയിൽവെ ആസ്ഥാനത്ത് ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡീഷണൽ ജനറൽ മാനേജർ ബി.ജി. മല്യ, പ്രിൻസിപ്പിൽ ചീഫ് ഓപ്പറേഷൻസ് മാനേജർ നീനു ഇട്ടിയേര, നിർമാണ വിഭാഗം സി.എ.ഒ പ്രഫുല്ല വർമ്മ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

 മറ്റു തീരുമാനങ്ങൾ

വൈറ്റില പൊന്നുരുന്നിയിലെ എറണാകുളം മാർഷലിംഗ് യാർഡ് ആധുനിക ടെർമിനലായി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ശുപാർശ റെയിൽവെ ബോർഡിന് കൈമാറും

എറണാകുളത്തു നിന്ന് സേലം, ചെന്നൈ, ജയ്‌സാൽമർ എന്നിവിടങ്ങളിലേക്ക് ട്രെയിനുകൾ ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കും

രണ്ടു വ്യത്യസ്ത നമ്പരുകളിലോടുന്ന എറണാകുളം–ബെംഗളൂരു സർവീസൂകൾ ഒറ്റ നമ്പരിൽ ആഴ്ചയിൽ മൂന്ന് ദിവസമുള്ള സർവീസാക്കി മാറ്റണമെന്ന ആവശ്യം അംഗീകരിച്ചു.

നിറുത്തലാക്കിയ എറണാകുളം–രാമേശ്വരം ട്രെയിനിനു പകരം അമൃത എക്‌‌സ്‌പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതും എറണാകുളം–വേളാങ്കണ്ണി (കൊല്ലം വഴി) ദ്വൈവാര സർവീസ് ആരംഭിക്കുന്നതും പരിഗണിക്കും

ഇടപ്പള്ളി അടിപ്പാത സെപ്തംബറിൽ ഉദ്ഘാടനം ചെയ്യും.

ചെന്നൈ സെൻട്രൽ മാതൃകയിൽ ട്രെയിൻ ഇൻഫർമേഷൻ ഡിസ്‌പ്ലേ സംവിധാനം എറണാകുളം ജംഗ്‌ഷനിൽ ഏർപ്പെടുത്തും.

എറണാകുളം ഡീസൽ ലോക്കോ ഷെഡ് ഇലക്ട്രിക് ലോക്കോ ഷെഡാക്കി മാറ്റും.

എറണാകുളം–കുമ്പളം–തുറവൂർ പാത ഇരട്ടപ്പിക്കൽ വേഗത്തിലാക്കും. റെയിൽവെ ബോർഡ് 510 കോടി രൂപ അനുവദിച്ചു