തൃക്കാക്കര: കാൽനട യാത്രക്കാരനായ അസാം സ്വദേശി സഹിറുൽ ഇസ്‌ലാമിനെ (34) ഇടിച്ച് ഗുരുതരമായി പരിക്കേൽപിച്ച ശേഷം നിറുത്താതെ പോയ കാർ തൃക്കാക്കര പൊലീസ് കണ്ടെത്തി. ജൂലായ് അഞ്ചാം തീയതി കാക്കനാട് വ്യവസായ മേഖലക്ക് മുന്നിലായിരുന്നു സംഭവം. തലച്ചോറിന് ക്ഷതവും തലയോട്ടിക്ക് പൊട്ടലും സംഭവിച്ച ഇയാളെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘമാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കളമശ്ശേരി പള്ളത്തു ലൈനിൽ ഹിരണ്യവം മധു എന്നയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്ന സമയം മധുവിന്റെ മകൻ അർജുനാണ് കാർ ഓടിച്ചിരുന്നതെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. തൃക്കാക്കര ഇൻസ്പെക്ടർ ആർ.ഷാബുവിന്റെ നേതൃത്വത്തിൽ എസ്ഐ എൻ.ഐ റഫീഖും, സീനിയർ സിപിഒ ജാബിർ എന്നിവരാണ് അന്വേഷണം നടത്തിയത്.