പിറവം: പാമ്പാക്കുട പഞ്ചായത്തിലെ മൂന്നാം വാർഡിൽ കടുവക്കാട്ട് -ഐക്കരക്കണ്ടം റോഡിൽ പുന്നച്ചുവട്ടിൽ പാറമടക്ക് സമീപമുള്ള മലയിലെ മണ്ണ് ഒലിച്ചിറങ്ങി.
പൈനാപ്പിൾ കൃഷിക്കായി ജെ.സി.ബിക്ക് കിളച്ചിളക്കിയ മണ്ണ് കഴിഞ്ഞ രാത്രിയിൽ പെയ്ത മഴയിലാണ് റോഡിലേക്ക് കുത്തിയൊലിച്ചത്. പരിസരത്തെ വീടുകളിൽ കഴിയുന്നവർ ഭീതിയിലാണ്. കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. ഒരു വീട്ടിൽ നിന്ന് പ്രായമായ അമ്മയെ അടുത്ത വീട്ടിലേക്കു മാറ്റി താമസിപ്പിച്ചു. ജെ.സി.ബി ഉപയോഗിച്ചു മണ്ണ് നീക്കുന്നുണ്ടെങ്കിലും ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ, ബ്ലോക്ക്, വാർഡ് മെമ്പർമാർ സ്ഥലത്തെത്തി. രാമമംഗലം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. അനൂപ് ജേക്കബ് എം. എൽ. എ സ്ഥലത്തെത്തി അടിയന്തരമായി വേണ്ട നടപടികൾ എടുക്കാമെന്ന് അറിയിച്ചു.