കോലഞ്ചേരി: നാശത്തിന്റെ വക്കിലായ ചേലക്കുളത്തെ ഖാദി യൂണിറ്റിന് പുനർജന്മം. ഖാദി യൂണിറ്റ് നാശത്തിന്റെ വക്കിലായതായതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ യൂണിറ്റിൽ സന്ദർശനം നടത്തിയിരുന്നു. കാടു കയറിക്കിടന്ന ഓഫീസും പരിസരവും വൃത്തിയാക്കാൻ അടിയന്തര നിർദ്ദേശം നൽകി. നിലവിൽ 19 ജീവനക്കാരുമായി സർക്കാർ വകുപ്പുകൾക്ക് വേണ്ട ഫയൽ ബോർഡ് നിർമ്മാണ യൂണിറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സർക്കാർ വകുപ്പുകളിൽ ഇ ഫയലിംഗ് സംവിധാനങ്ങൾ വന്നതോടെ ഫയലുകൾക്ക് ഓർഡർ കുറഞ്ഞു. ഇതോടെ നിലവിലുള്ള ജീവനക്കാർക്ക് പണിയില്ലാത്ത അവസ്ഥയാണ്.
30 വർഷം മുമ്പാണ് ഖാദി ബോർഡിന്റെ യൂണിറ്റ് ചേലക്കുളത്ത് തുടങ്ങിയത്. സ്വന്തമായി വാങ്ങിയ ഒന്നേകാൽ ഏക്കർ സ്ഥലത്ത് ബഹുനില മന്ദിരങ്ങളടക്കം നിർമ്മാണം പൂർത്തിയായതാണ്. നേരത്തെ സിവിൽ സപ്ളൈസിനായി റോയൽ ഇന്ത്യ ബാർ സോപ്പും ഇവിടെ നിർമ്മിച്ചിരുന്നു. ഒട്ടേറെ തൊഴിൽ സാദ്ധ്യതകളുള്ള യൂണിറ്റിൽ 120 തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. യൂണിറ്റിന്റെ മുഴുവൻ ചുമതലയും ഡവലപ്പ്‌മെന്റ് ഓഫീസർക്കാണ്. ഖാദിയൂണിറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് മാറി മാറി വരുന്ന സർക്കാരുകൾക്ക് നിവേദനം നൽകുന്നുണ്ടങ്കിലും യാതൊരു പരിഹാരവും ഉണ്ടാകുന്നില്ലന്ന് തൊഴിലാളികൾ പറയുന്നു. ഇതിനിടെയാണ് എം.എൽ.എയുടെ അടിയന്തര ഇടപെടലുണ്ടായത്. ഏക്കർ കണക്കിന് ഭൂമിയും കെട്ടിടങ്ങളും കോടികൾ വിലമതിക്കുന്ന യന്ത്ര സാമഗ്രികളും യഥാസമയം അറ്റകുറ്റപണികൾ നടത്താതെയും പ്രവർത്തിക്കാതെയും തുരുമ്പെടുത്ത അവസ്ഥയിലാണ്. പല യന്ത്രങ്ങളും പ്രവർത്തനം നിലച്ച നിലയിലാണ്. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അടിയന്തരമായി യൂണിറ്റ് പ്രവർത്തന സജ്ജമാക്കാനാണ് പദ്ധതിയെന്ന് എം.എൽ.എ പറഞ്ഞു. അതിനിടെ ഖാദി തൊഴിലാളികളുടെ ഡി.എ മുടങ്ങിയതു സംബന്ധിച്ച് എം.എൽ.എ നടത്തിയ ഇടപെടലിനെ തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി തുടർ നടപടികൾക്കായി ഫയൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
നിലച്ചു പോയ ബുക്ക് നിർമ്മാണ യൂണിറ്റ് പുനരുജ്ജീവിപ്പിക്കും
പേപ്പർ കാരീബാഗ് നിർമ്മാണ യൂണിറ്റിനുള്ള മുഴുവൻ യന്ത്ര സാമഗ്രികളും ഇവിടെയുണ്ട്. ഇതോടൊപ്പം സോപ്പ്, സോപ്പ് പൊടി, ഹാൻഡ് വാഷ് നിർമ്മിക്കുന്നതിനുള്ള പ്രൊജക്റ്റിന് അനുമതി ലഭിച്ചതായി ജില്ലാ പ്രൊജക്റ്റ് ഓഫീസർ അബു പറഞ്ഞു.
സർക്കാർ ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം തുടങ്ങിയിരുന്നില്ല. ഇതു സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഖാദി ബോർഡ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇക്കാര്യങ്ങൾ വ്യവസായ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടു പോവുകയാണെന്നും നിലച്ചു പോയ ബുക്ക് നിർമ്മാണ യൂണിറ്റ് പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായും എം.എൽ.എ അറിയിച്ചു.