fg

കൊച്ചി: കാര്യമായ വരുമാനമില്ലെങ്കിലും ഓട്ടം മുടക്കാതെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ. ജലഗതാഗതത്തെ ആശ്രയിച്ചു കഴിയുന്നവരെ ലക്ഷ്യമിട്ടാണിത്. രാവിലെയും വൈകിട്ടും മാത്രമാണ് തിരക്കുള്ളത്. മറ്റു സമയങ്ങളിൽ തിരക്ക് കുറവാണെങ്കിലും ഇത് സർവീസിനെ ബാധിക്കില്ലെന്ന് അധികൃതർ പറയുന്നു.

 രാത്രിയിൽ ആളില്ല

യാത്രക്കാരില്ലാതെയാണ് രാത്രികാലങ്ങളിലുള്ള ട്രിപ്പുകൾ നടത്തുന്നത്. രാവിലെ 5.45 മുതൽ രാത്രി 9 വരെയാണ് സർവീസ്. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7 വരെയും കുറച്ചു തിരക്കുണ്ടാകും. രാത്രി 9 നുള്ള ട്രിപ്പിന് ചിലപ്പോൾ 3 പേർ മാത്രമേ ഉണ്ടാകൂ. ജില്ലയിൽ 8 ബോട്ടുകളാണുള്ളത്. ഇതിൽ 6 ബോട്ടുകളാണ് സർവീസ് നടത്തുന്നത്.

രണ്ടു ബോട്ടുകൾ കരുതലായ മാറ്റിയിട്ടിട്ടുണ്ട്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും ആളുകൾ കൂടുതലായി വരുമ്പോഴുമാണ് ഈ ബോട്ടുകൾ ഉപയോഗിക്കുന്നത്. ഇതിൽ ഒന്ന് വൈറ്റില- കാക്കനാട് സർവീസ് നടത്തിയിരുന്ന ബോട്ടാണ്. യാത്രക്കാർ ഇല്ലാത്തതിനാൽ സർവീസ് താൽക്കാലികമായി നിറുത്തിയിരിക്കുകയാണ്.

 പ്രതിദിനം 5 ഷെഡ്യൂൾ

• എറണാകുളം-ഫോർട്ടുകൊച്ചി

പ്രതിദിന ട്രിപ്പുകളുടെ എണ്ണം-40

ടിക്കറ്റ് നിരക്ക്-6 രൂപ

• എറണാകുളം-വൈപ്പിൻ

പ്രതിദിന ട്രിപ്പുകളുടെ എണ്ണം-30

ടിക്കറ്റ് നിരക്ക്- 6 രൂപ

• എറണാകുളം- മട്ടാഞ്ചോരി

പ്രതിദിന ട്രിപ്പുകളുടെ എണ്ണം-24

ടിക്കറ്റ് നിരക്ക്-6

• എറണാകുളം- മുളവുകാട്

പ്രതിദിന ട്രിപ്പുകളുടെ എണ്ണം-18

ടിക്കറ്റ് നിരക്ക്-11 രൂപ

 വരുമാനം താഴോട്ട്

കൊവിഡിന് മുൻപ് പ്രതിദിന വരുമാനം-75000- 1 ലക്ഷം

ആദ്യഘട്ട ലോക്ക്ഡൗണിനു ശേഷം- 15000-30000

രണ്ടാംഘട്ട ലോക്ക്ഡൗണിൽ -15000-20000

 യാത്രക്കാർക്കൊപ്പം

ബോട്ടുകളെ ആശ്രയിച്ചു കഴിയുന്ന നിരവധി ആളുകളുണ്ട്. അതുകൊണ്ടാണ് വരുമാനം കുറഞ്ഞാലും സർവീസ് നിറുത്താത്തത്. ആളുകളെ നിറുത്തിയുള്ള യാത്ര ഇല്ലെങ്കിലും 100 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 50ൽ താഴെ ആളുകൾ മാത്രമാണ് തിരക്കേറിയ സമയത്ത് എത്തുന്നത്. ടൂറിസ്റ്റ് ബോട്ടുകൾ സർവീസ് നടത്തില്ല. യാത്രക്കാരുടെ സുരക്ഷയ്ക്കായി സർവീസ് പരമാവധി നടത്തും.

ഷാജി വി.നായ‌ർ

ഡയറക്ടർ, ജലഗതാഗത വകുപ്പ്