കോതമംഗലം: ഇടമലയാറിൽ കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരന് നേരെ കാട്ടാന ആക്രമണം. നേര്യമംഗലം, കാഞ്ഞിരവേലി സ്വദേശി വലിയപറമ്പിൽ ദീപുവിന്(42) നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നേര്യമംഗലത്തെ വീട്ടിൽ നിന്ന് ജോലിക്കായി ഇടമലയാർ കെ.എസ്. ഇ.ബിയുടെ ക്യാമ്പ് ഓഫീസിലേക്ക് പോകുന്ന വഴി വടാട്ടുപാറയ്ക്കും ഇടമലയാറിനുമിടയിൽ പലവൻ പടിക്ക് അടുത്തു വെച്ചാണ് ആന ആക്രമിച്ചത്.ഇലക്ട്രിഷ്യനായി ഏഴ് വർഷമായി ഇടമലയാറിൽ ജോലി ചെയ്യുന്ന ദീപുവിന്റെ കാലിനും നടുവിനും പരിക്കേറ്റിട്ടുണ്ട്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കുട്ടിയാനയും തള്ളയാനയുമാണ് ആക്രമിച്ചതെന്ന് ദീപു പറഞ്ഞു.ആന ബൈക്ക് തുമ്പിക്കൈ കൊണ്ട് അടിച്ചു തെറിപ്പിച്ചു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് സ്ഥിതി ചെയ്‌യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് ദീപു. വടാട്ടുപാറയിൽ നിന്ന് വനപാലകർ സംഭവ സ്ഥലത്തെത്തി.