കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ജൂലായ് 29ന് വാദം കേൾക്കും. പി.എസ്. സരിത്ത് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി കഴിഞ്ഞദിവസം മാറ്റിവച്ചിരുന്നു. ഇന്നലെ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷയും ഇതിനൊപ്പം പരിഗണിക്കാൻ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് മാറ്റി.
സ്വപ്നയ്ക്കും സരിത്തിനും പുറമേ കെ.ടി. റമീസ്, റബിൻസ്, മുഹമ്മദ് ഷാഫി, എ.എം. ജലീൽ എന്നിവരാണ് ജാമ്യഹർജി നൽകിയിട്ടുള്ളത്. നേരത്തെ എൻ.ഐ.എ കോടതി ഈപ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിൽ ചില പ്രതികൾക്ക് നേരത്തെ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് എൻ.ഐ.എ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ യു.എ.പി.എ പ്രകാരമുള്ള കുറ്റം നിലനിൽക്കുമോയെന്ന വിഷയമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.