chettikode
കോസ്റ്റ് ഗാർഡിൻ്റെ ഭവന നിർമ്മാണം മൂലം ചെത്തിക്കോട് പ്രദേശത്ത് വെള്ളം പൊങ്ങിയപ്പോൾ

അങ്കമാലി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താളത്തിന് സമീപം കോസ്റ്റ് ഗാർഡിന് വീടുവക്കുന്നതിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് നിർമ്മാണം ആരംഭിച്ചതോടെ ചെത്തിക്കോട് ജനവാസകേന്ദ്രങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.ഇതിനെതിരെ നേരിട്ട് പരാതികൾ നൽകിയിട്ടും കേസ്റ്റ് ഗാർഡ് അധികൃതർ പരിഹരിക്കാൻ തയ്യാറായിട്ടില്ല. വെള്ളക്കെട്ടുകൊണ്ട് പൊറുതിമുട്ടിയ ജനം പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.കോസ്റ്റ് ഗാർഡ് 17.4ഏക്കർ ഭൂമിയാണ് വീടുകൾ വെയ്ക്കുന്നതിനും മറ്റുമായി ഇവിടെ ഏറ്റെടുത്തിട്ടുള്ളത്. വെള്ളപ്പൊക്കം മുന്നിൽ കണ്ട് അഞ്ച് അടി പൊക്കത്തിൽ മണ്ണിട്ട് പൊക്കിയതിനുശേഷമാണ് നിർമ്മാണം നടത്തുന്നത്. മണ്ണിട്ട് പൊക്കുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകുമെന്നത് കാണിച്ച് സമീപവാസികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൾ വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ടുന്ന കാനകൾ നിർമ്മിക്കാൻ കോസ്റ്റ് ഗാർഡ് അധികൃതർ തയ്യാറായിട്ടില്ല.

ജനങ്ങൾ തിങ്ങിതാമസിക്കുന്ന ഇവിടെ 2018-ലെ വെള്ളപ്പൊക്കം വലിയ നാശം വിതച്ചിരുന്നു. നാട്ടുകാർ മുഖ്യമന്ത്രി, ജില്ല കളക്ടർ, പോസ്റ്റ് ഗാർഡ് കമാഡന്റ് എന്നിവർക്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത പൊതുപ്രവർത്തകർക്ക് ഇതുസംബന്ധിച്ച് നൽകിയ ഉറപ്പ് പാലിക്കാൻ കോസ്റ്റ് ഗാർഡ് അധികൃതർ തയ്യാറായിട്ടില്ലെന്ന ആരോപണവുമുണ്ട്.ആലുവ തഹസിൽദാർ,അങ്കമാലി വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി പരിഹാര നിർദ്ദേശങ്ങൾ നൽകിയെങ്കിലും കോസ്റ്റ് ഗാർഡ് അധികൃതൽ മുഖവിലക്കെടുത്തിട്ടില്ല.കോസ്റ്റ് ഗാർഡ് അധികൃതരുടെ ധാർഷ്ട്യത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. കുരിയാക്കോസ്, മുൻ കൗൺസിലർമാരായ വത്സലഹരിദാസ്, ടി.ജി.ബേബി,വിനീത ദിലീപ് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.