മൂവാറ്റുപുഴ: കശാപ്പുശാലയിൽ കെട്ടിയിരുന്ന പോത്തുകൾ മോഷണം പോയി .വേങ്ങച്ചുവട് കൂവേലിപ്പടി കവലയ്ക്കു സമീപത്തുള്ള കശാപ്പുശാലയിൽ കെട്ടിയിട്ടിരുന്ന മൂന്നു പോത്തുകളെയാണ് നഷ്ടപ്പെട്ടത്.ബുധനാഴ്ച വൈകുന്നേരം ആറരയോടെ പോത്തുകൾക്ക് തീറ്റയും വെള്ളവും കൊടുത്ത് പോയതാണെന്ന് ഉടമ മണക്കാട് സ്വദേശി മഠത്തിൽ പ്രദീപ് ജോസ് പറഞ്ഞു.വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കശാപ്പിനെത്തിയപ്പോഴാണ് പോത്തുകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്.പിക് - അപ് പോലെയുള്ള വാഹനത്തിൽ കയറ്റി കൊണ്ടുപോയതായാണ് സംശയിക്കുന്നത്.സംസ്ഥാന പാതയോടു ചേർന്നുള്ള നെൽപ്പാടത്തിനക്കരെയുള്ള കശാപ്പുശാലയ്ക്കു സമീപം മറ്റു കെട്ടിടങ്ങളൊന്നുമില്ല. മൂന്നു പോത്തുകൾക്കായി ഒന്നര ലക്ഷത്തോളം നഷ്ടമുണ്ടായതായി പ്രദീപ് പറയുന്നു.കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇവിടെ ഇയാൾ ഇറച്ചി വ്യാപാരം തുടങ്ങിയിട്ട്.എല്ലാ ദിവസവും കശാപ്പു നടത്താറുള്ള ഇവിടെ വെള്ളിയാഴ്ച തോറും പോത്ത് കശാപ്പിനെത്തിക്കാറുണ്ട്. അതാതു ദിവസത്തെ ആവശ്യം കഴിഞ്ഞുള്ളവ അവിടെത്തന്നെ സംരക്ഷിക്കുകയാണ് പതിവ്. പത്തു പോത്തുകൾ കഴിഞ്ഞ ആഴ്ച എത്തിച്ചിരുന്നു. ഇതിൽ അവശേഷിച്ച മൂന്നെണ്ണത്തിനെയാണ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് വാഴക്കുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.