sumithkumar

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്ത്കുമാർ മടങ്ങുന്നത്. നയതന്ത്രപരിരക്ഷ ദുരുപയോഗിച്ച് സ്വർണം കടത്തുന്നത് സംബന്ധിച്ച വിവരം ലഭിച്ചതു മുതൽ സുമിത്ത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളാണ് കള്ളക്കടത്ത് സംഘത്തെ കുടുക്കിയത്. സ്വാഭാവികമായ സ്ഥലംമാറ്റം കേസിനെ ബാധിക്കില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.

സുമിത്ത്കുമാർ ഉൾപ്പെടെ നൂറിലേറെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വ്യാഴാഴ്ച രാത്രിയിലാണ് ധനകാര്യമന്ത്രാലയം ഉത്തരവിറക്കിയത്. നാലു വർഷം പിന്നിട്ടവരെ മാറ്റുകയെന്ന പൊതുമാനദണ്ഡം പാലിച്ചാണ് ഉത്തരവ്. നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച പ്രധാന ഉദ്യോഗസ്ഥനെന്ന നിലയിൽ സുമിത്ത്കുമാറിനെ നിലനിറുത്തിയേക്കുമെന്ന പ്രതീക്ഷ കസ്റ്റംസ് അധികൃതർക്കുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ജി.എസ്.ടി കമ്മിഷണറായാണ് പുതിയ നിയമനം. 1994 ലെ ഐ.ആർ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ജയ്‌പൂരിൽ ജി.എസ്.ടി ഇന്റലിജൻസിലെ രാജേന്ദ്രകുമാറാണ് കൊച്ചിയിലെ പുതിയ കമ്മിഷണർ.

നയതന്ത്ര ചാനൽ സ്വർണക്കടത്ത് പിടി കൂടുകയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഉൾപ്പെടെ അറസ്റ്റു ചെയ്യുകയും ചെയ്ത സുമിത്ത്കുമാർ ഭീഷണിക്കും വിമർശനത്തിനും ഇരയായിരുന്നു. ദുബായിൽ നിന്ന് വരുന്ന നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തുന്നെന്ന വിവരം തിരുവനന്തപുരത്തെ അസിസ്റ്റന്റ് കമ്മിഷണർക്കാണ് ലഭിച്ചത്. അദ്ദേഹം സുമിത്ത്കുമാറിന് വിവരം കൈമാറി. സംശയം തോന്നിയ പാഴ്സൽ പിടിച്ചുവയ്ക്കാനും സ്കാൻ ചെയ്ത് ലോഹാംശമുണ്ടോയെന്ന് ഉറപ്പാക്കാനും നിർദേശിച്ചു. സ്കാനിംഗിൽ ലോഹാംശം കണ്ടെത്തിയതോടെ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ടു ബന്ധപ്പെട്ടു. സംശയം അറിയിച്ചതോടെ പാഴ്സൽ തുറന്നു പരിശോധിക്കാൻ അനുമതി ലഭിച്ചു. പാഴ്സൽ വിട്ടുകിട്ടാൻ യു.എ.ഇ കോൺസുലേറ്റിൽ നിന്നുൾപ്പെടെയുണ്ടായ സമ്മർദ്ദം മറികടന്നാണ് പൊളിച്ചു പരിശോധിച്ച് സ്വർണം പിടികൂടിയത്.

എം. ശിവശങ്കറിലേക്ക് അന്വേഷണം നീണ്ടതോടെ രാഷ്ട്രീയവിവാദമായി സ്വർണക്കടത്ത് മാറി. സ്വർണം, ഡോളർ കടത്തുകളിൽ മൂന്നു മന്ത്രിമാർക്കും മുൻ സ്പീക്കർക്കും പങ്കുണ്ടെന്ന് സത്യവാങ്മൂലം നൽകിയതോടെ ഭരണപക്ഷം കമ്മിഷണർക്കെതിരെ രംഗത്തിറങ്ങി. വിരട്ടാൻ നോക്കേണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പിട്ടായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചടി. വയനാട്ടിൽ നിന്ന് മടങ്ങിയ സുമിത്ത്കുമാറിന്റെ കാർ ഒരുസംഘം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയും വിവാദമായി. സമ്മർദ്ദങ്ങളെ കൂസാതെ കേസ് അന്വേഷിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചു. ഏറ്റവുമെടുവിൽ യു.എ.ഇയുടെ മുൻ കോൺസൽ ജനറൽ, അറ്റാഷെ എന്നിവർക്കുൾപ്പെടെ കാരണം കാണിക്കൽ നോട്ടീസ് നൽകുന്ന നടപടിയും അദ്ദേഹം പൂർത്തിയാക്കി. കുറ്റപത്രം തയ്യാറാക്കൽ പുരോഗമിക്കുമ്പോഴാണ് സ്ഥലംമാറ്റം.