ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ട് കാത്ത് നഗരസഭ
കൊച്ചി: പഠിച്ച പണിയൊക്കെ നോക്കിയിട്ടും കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇറിഗേഷൻ വകുപ്പ് പഠനം നടത്തുകയാണെന്നും റിപ്പോർട്ട് ലഭിച്ചാൽ കൗൺസിൽ ചർച്ച ചെയ്ത് നടപടിയെടുക്കുമെന്നും കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിൻ സ്മാർട്ട് സിറ്റി മിഷന്റെ നിർമ്മാണങ്ങളിൽ അപകാതകൾ ഏറെയുണ്ടെന്ന് അമിക്കസ് ക്യൂറിയും റിപ്പോർട്ടു നൽകി. നഗരസഭയ്ക്ക് ഫണ്ടിന്റെ അപര്യാപ്തതയുള്ളതിനാൽ ഇടയ്ക്കിടെയുള്ള പേരണ്ടൂർ കനാൽ ശുചീകരണം ഇറിഗേഷൻ വകുപ്പിനെ ഏല്പിക്കണമെന്ന് നഗരസഭാ സെക്രട്ടറി നൈസാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
നഗരസഭയുടെ സത്യവാങ്മൂലം
പൊതുമരാമത്ത് വകുപ്പുമന്ത്രി വിളിച്ച യോഗത്തിൽ എം.ജി. റോഡിലെ കാനകളിൽ നിന്ന് ചെളി നീക്കാൻ ധാരണയായി. ദേശീയപാതയോടു ചേർന്നുള്ള കാനകളിലെ ചെളി നീക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. മുല്ലശേരി കനാൽ നവീകരണത്തിന് ജർമൻ ഡെവലപ്മെന്റ് ഏജൻസി ശുപാർശ ചെയ്ത ബ്ളൂ - ഗ്രീൻ ഇൻഫ്രാസ്ട്രക്ചർ നഗരസഭയ്ക്ക് സ്വീകാര്യമാണ്. ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഇതു നടപ്പാക്കാം. രാമേശ്വരം - കൽവത്തി കനാലിലെ ചെളി നീക്കം സ്മാർട്ട് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണം. എം.ജി. റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കായലിലേയ്ക്ക് കാന പണിയുന്നതിനും സെന്റ് ബെനഡിക്ട് റോഡിൽ നിന്ന് ദീപം ലെയിനിലൂടെ കായലിലേയ്ക്ക് വെള്ളം ഒഴുകിയെത്തുന്നതിനു കാന നിർമിക്കുന്നതിനും നഗരസഭയ്ക്ക് ഫണ്ടില്ല. സ്മാർട്ട് മിഷൻ പദ്ധതിയിൽ ഫണ്ട് അനുവദിക്കണം. പൊന്നേത്ത് ചാൽ മുതൽ പണ്ടാരച്ചിറവരെ കൈയേറ്റം കാരണം കാനയുടെ വീതി കുറവാണ്. സർവേ നടത്താൻ കോടതി നിർദ്ദേശിക്കണം. കലൂർ ഗോകുലം പാർക്കിന് സമീപത്ത് പെട്ടിയും പറയും സ്ഥാപിക്കും.
അമിക്കസ് ക്യൂറി റിപ്പോർട്ട്
പേരണ്ടൂർ കനാലിൽ പനമ്പിള്ളിനഗറിന്റെ തെക്കേയറ്റം മുതൽ എളമക്കര ഭാസ്കരീയം ഓഡിറ്റോറിയം വരെ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പായലും ചെളിയും നീക്കി. കമ്മട്ടിപ്പാടത്ത് പേരണ്ടൂർ കനാലിന്റെ ഭാഗമായ ഇടുങ്ങിയ കലുങ്കിലൂടെ നീരൊഴുക്ക് വെള്ളക്കെട്ടിന് കാരണമാകുന്നു. റെയിൽവെ ട്രാക്കിൽ നിന്ന് ചെളിയും കല്ലും വീണ് നീരൊഴുക്ക് തടസപ്പെടുന്നു. ഇതൊഴിവാക്കാൻ സംരക്ഷണഭിത്തി കെട്ടണം.
റെയിൽവെ മാർഷലിംഗ് യാർഡിലേക്കുള്ള ഇടറോഡിലൂടെ വെള്ളവും മാലിന്യങ്ങളും പായലും പേരണ്ടൂർ കനാലിലേക്ക് ഒഴുകിയെത്തുന്നതു തടയാൻ റോഡ് ഉയർത്തണം. കനാലിനു കുറുകേയുള്ള പൈപ്പുകളിലും കേബിളുകളിലും മാലിന്യങ്ങൾ അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെടുന്നു. എം.ജി. റോഡിൽ നിന്ന് കായലിലേക്ക് മഴവെള്ളം ഒഴുകിപ്പോകാൻ വാട്ടർ അതോറിറ്റിയുടെ സ്ഥലത്തു കൂടി കാന നിർമ്മിക്കണമെന്ന നഗരസഭയുടെ ശുപാർശ പരിഗണിച്ച് ഹൈക്കോടതി ഉത്തരവു നൽകണം. കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ഏകോപനമില്ല. പല കാനകളിലും നീരൊഴുക്ക് തടസപ്പെടുംവിധം തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. കാനകൾക്കു മുകളിൽ ടൈലുകൾ പാകി നടപ്പാതയൊരുക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ ഇതു പൊളിക്കാതെ കാന വൃത്തിയാക്കാൻ സൗകര്യമൊരുക്കിയിട്ടില്ല. നടപ്പായ നിർമ്മാണത്തിലൂടെ പലിയടത്തും റോഡുകളുടെ വീതി കുറഞ്ഞു.