മൂവാറ്റുപുഴ: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ളനടപ്പാലം നിർമ്മാണത്തിൽ ക്രമക്കേട് അന്വേഷിക്കണമെന്ന പരാതിയിൽ ഗവർണറുടെ നിർദേശാനുസരണം നടപടികൾ സ്വീകരിക്കുന്നതിനായി വിജിലൻസ് വിഭാഗം ഫയലുകൾ പൊതുമരാമത്ത് വകുപ്പിനു കൈമാറി. മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത് എം.എൽ.എ, മുൻ പി .ഡബ്ല്യു.ഡി പ്രിൻസിപ്പൽ സെക്രട്ടറി അടക്കം 10പേരാണ് പ്രതികളായി ഉള്ളത്. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പിള്ളി നൽകിയ ഹർജിയിൽ പ്രോസിക്യൂഷൻ അനുവാദം വാങ്ങാൻ മൂവാറ്റപുഴ വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നു. സർക്കാരിന് നൽകിയ അപേക്ഷയിൽ തീരുമാനം വൈകിയതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ തീരുമാനം അറിയിക്കാൻ കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർ നടപടിയായാണ് ഗവർണറുടെ ശുപാർശയിൽ ഉള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഫയലുകൾ വിജിലൻസ് പൊതുമരാമത്ത് വകുപ്പിനു നൽകിയത്.