മൂവാറ്റുപുഴ: വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച് പണവും സ്വർണവുമായി കടന്നയാളെ പൊലീസ് പിന്തുർന്ന് പിടികൂടി. കോട്ടയം മരിയത്തുരുത്ത് ശരവണവിലാസത്തിൽ ഗിരീഷ് (37) ആണ് പിടിയിലായത്. ജുവലറി ഉടമയായ കല്ലൂർക്കാട് തഴുവൻകുന്ന് പ്ളാത്തോട്ടത്തിൽ സണ്ണിയുടെ ഭാര്യ ഓമന (60) യ്ക്കാണ് കുത്തേറ്റത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഓമന മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മെഡിക്കൽ റെപ്പാണെന്നും പ്രഷർ കൂടിയതിനാൽ വെളളം വേണമെന്നും പറഞ്ഞ് ഗിരീഷ് ഇവരുടെ വീട്ടിൽ എത്തുകയായിരുന്നു. മാന്യമായ വേഷം ധരിച്ചെത്തിയ യുവാവിനെക്കണ്ട് ഓമനയ്ക്ക് സംശയം തോന്നിയില്ല. അകത്തേക്കു പോയ ഇവരെ പിന്നാലെയെത്തിയ ഗിരീഷ് കത്തികൊണ്ട് കൈയിൽ കുത്തിയ ശേഷം ഭീഷണിപ്പെടുത്തി മറ്റൊരു മുറിയിലിട്ടടച്ചു. തുടർന്ന് വീട്ടിലുണ്ടായ സ്വർണ്ണവും പണവുമായി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അൽപസമയം കഴിഞ്ഞ് മുറിയിൽ നിന്ന് പുറത്തെത്തിയ വീട്ടമ്മ കല്ലൂർക്കാട് എസ്.എച്ച്. ഒ കെ.ജെ. പീറ്ററിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ എസ്.എച്ച്.ഒ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു. ഇടതു കൈത്തണ്ടയിലാണ് കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചുവന്ന കാറിൽ ഒറ്റയ്ക്കാണ് മോഷ്ടാവ് സ്ഥലത്തെത്തിയതെന്ന് വ്യക്തമായി. ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നൽകി. പോത്താനിക്കാട് ഭാഗത്തേക്ക് കാർ പോയെന്നറിഞ്ഞ് പോത്താനിക്കാട് എസ്.എസ്.ഒ. നോബിൾ മാനുവലിന്റെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ മാരായ കെ.ജെ.പീറ്റർ, നോബിൾ മാനുവൽ, എസ്.ഐമാരായ ടി.എം സൂഫി, രാജു, എ.എസ്.ഐ സജി, എസ്.സി.പി.ഒ മാരായ ജിമ്മോൻ ജോർജ്, ബിനോയി പൗലോസ്, രതീശൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.