കൊച്ചി: ഡെപ്യൂട്ടി കമ്മിഷണർക്ക് പരാതി നൽകാനെത്തിയ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ശല്യം ചെയ്ത എ.എസ്.ഐയെ സ്ഥലംമാറ്റി കൊച്ചി സിറ്രി പൊലീസ് തടിയൂരി. 12 വർഷത്തോളമായി കമ്മിഷണർ ഓഫീസിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ സിറ്രി പൊലീസ് പരിധിയിലെ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റ ഉത്തരവിൽ വ്യക്തമായ കാരണം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. കടുത്ത നടപടിയിൽ നിന്ന് എ.എസ്.ഐയെ രക്ഷിക്കുന്നതിനിന്റെ ഭാഗമാണ് സ്ഥലംമാറ്റമെന്നാണ് ആക്ഷേപം. ശല്യം സഹിക്കവയ്യാതെ രണ്ടാഴ്ച മുമ്പാണ് കൊച്ചി സ്വദേശിനിയായ വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുട‌‌ർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്.

ആറുമാസം മുമ്പാണ് വീട്ടമ്മ കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കമ്മിഷണ‌ർക്ക് നേരിട്ടെത്തി പരാതി നൽകിയത്. അന്നത്തെ ഡി.സി.പി പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ നി‌ർദേശിച്ചു. വീട്ടമ്മയ്ക്ക് കൗസലിംഗും നൽകാൻ ആവശ്യപ്പെട്ടു. ഇതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആദ്യം സഹോദരനെ പോലെ പെരുമാറിയെന്നും പിന്നീട് ശല്യം ചെയ്യാൻ ആരംഭിച്ചെന്നുമാണ് വീട്ടമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതി. താക്കീത് നൽകിയിട്ടും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളടക്കം ഫോണിലേക്ക് അയച്ചു. താത്പര്യങ്ങൾക്ക് വഴങ്ങില്ലെന്ന് ബോദ്ധ്യമായതോടെ അപവാദം പ്രചരിപ്പിച്ചെന്നും കേസിൽ ഇടപെട്ടെന്നും പരാതിയിൽ പറയുന്നു.