കൊച്ചി: പള്ളിയും പള്ളിക്കൂടങ്ങളും കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്കു നൽകിയ സംഭാവനകൾ സുപ്രധാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകൾക്കു മുമ്പു കേരളത്തിൽ തുടങ്ങിയ വിദ്യാലയങ്ങൾ നാടിനെ സാമൂഹ്യ, സാംസ്‌കാരിക പുരോഗതിയിലേക്ക് നയിച്ചു. സെന്റ് ആൽബർട്‌സ് കോളേജും അത്തരം ചരിത്രപരമായ മുന്നേറ്റങ്ങൾക്കു സംഭാവനകൾ നൽകിയ കലാലയമാണ്. സ്ത്രീധനം ഉൾപ്പെടെയുള്ള സാമൂഹികതിന്മകൾക്കെതിരെ പോരാടാൻ കലാലയങ്ങൾ പരിശീലനക്കളരിയാവണമെന്നും ഗവർണർ പറഞ്ഞു.
വരാപ്പുഴ ആർച്ച്ബിഷപ്പും കോളേജ് രക്ഷാധികാരിയുമായ ഡോ. ജോസഫ് കളത്തിപറമ്പിൽ അദ്ധ്യക്ഷനായി. മന്ത്രി ആന്റണി രാജു, ഹൈബി ഈഡൻ എം.പി, എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്, കോളേജ് അസോസിയേറ്റ് മാനേജർ ഫാ. ആന്റണി തോപ്പിൽ, പ്രിൻസിപ്പൽ ഡോ. എം.എ. സോളമൻ, പ്ലാറ്റിനം ജൂബിലി കോഓഡിനേറ്റർ ഡോ. ജെ. ജെയിംസൺ, ഡീൻ ഷൈൻ ആന്റണി തുടങ്ങിയവർ സംസാരിച്ചു