sajith-photo-one-

പറവൂർ: കരുമാല്ലൂരിലെ കർഷകർക്ക് സജിത്ത് കുമാർ വളക്കടയിലെ വെറുമൊരു ജീവനക്കാരനല്ല, കൃഷിയുമായി ബന്ധപ്പെട്ടുള്ള കർഷകരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉപദേശിച്ചു നൽകുന്ന മിത്രമാണ്. നെല്ലിൽ പുഴു, വാഴയുടെ ഇല കരിയുന്നു, പച്ചക്കറിക്ക് കീടങ്ങൾ എന്നല്ലൊം പറഞ്ഞ് സജിത്തിനെ കാണാൻ ദിനംപ്രതി വളക്കടയിലെത്തുന്ന കർഷകർ നിരവധിയാണ്. കാരണം മറ്രൊന്നുമല്ല, സജിത്തിന്റെ ഒറ്റത്തവണപ്രയോഗം മതി,ഏത് കാർഷിക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകാൻ.

വളങ്ങളും കീടനാശിനികളും ശരിയായ അളവും യഥാസമയത്തും ഉപയോഗിക്കാത്തതിനാൽ ഇതിന്റെ ഫലപ്രാപ്തി കർഷകർക്ക് പൂർണമായി ലഭിക്കാറില്ല. കരുമാല്ലൂർ സഹകരണ ബാങ്കിന്റെ മനക്കപ്പടിയിലെ വളം ഡിപ്പോയിലെത്തി സജിത്തിന്റെ ഉപദേശം തേടിയാൽ കർഷകർക്ക് ആത്മവിശ്വാസമാണ്. കർഷകൻ കൃഷിയുമായി ബന്ധപ്പെട്ട് കടയിലെത്തിയാൽ എന്താണ് കൃഷി, എത്രനാളായി, ഇപ്പോഴത്തെ പ്രശ്നം എന്നെല്ലാം സജിത്ത് ചോദിച്ചറിയും. ഇതിനു പരിഹാരമായി എതെല്ലാം വളം നൽകണം. കീടനാശിനികൾ ഉപയോഗിക്കണം. എത്രദിവസം ഇടവിട്ട് നൽകണം, എതു സമയത്ത് ചെയ്യണം എന്നുവേണ്ട കൃഷിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും കർഷകരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും. കരുമാല്ലൂർ സഹകരണ ബാങ്കിലെ സെയിൽസ്‌മാൻ കം പ്യൂണുമായ സജിത്ത് പൊതുപ്രവർത്തകനും യുവജന സംഘടന നേതാവും കൂടിയാണ്.

കാർഷിക ഗ്രാമമായ കരുമാല്ലൂർ പഞ്ചായത്തിൽ നാല് വളം ഡിപ്പോയാണുള്ളത്. ഇതിൽ ദേശി കോഴ്സ് പാസായയാൾ വളക്കട സെയിൽസുമാൻ സജിത്ത് മാത്രമാണുള്ളത്. കർഷകരോടുള്ള സമീപനവും അവർക്കു നൽകുന്ന വിവരങ്ങളും കരുമാല്ലൂർ കൃഷിഭവന് ഏറെ സഹായകരമാണ്.

അതുൽ , കൃഷി ഓഫീസർ

 വളംഡിപ്പോയിൽ നിയമിച്ചപ്പോൾ കൃഷിയെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. നിരവധി പുസ്തകങ്ങൾ വായിച്ചു. പിന്നീടാണ് കാർഷിക നിവേശ വ്യാപാരികൾക്കുള്ള കാർഷിക വിജ്ഞാന വ്യാപന ഡിപ്ളോമ എന്ന് കോഴ്സിനെ സംബന്ധിച്ച് അറിഞ്ഞത്. ഇതു പാസായ ശേഷം കൃഷിയുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളും അറിയാൻ കോഴ്സിന്റെ പഠനത്തിലൂടെ സാധിച്ചു.

സജിത്ത്