ആലുവ: ഫിഷറീസ് വകുപ്പിന് കീഴിലുള്ള കടുങ്ങല്ലൂരിലെ കേരള അക്വാ വെഞ്ച്വേഴ്‌സ് ഇന്റർനാഷണൽ ലിമിറ്റഡിൽ (കാവിൽ) തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാർക്ക് വേതന വർദ്ധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തിലുള്ള തൊഴിലാളികൾ മന്ത്രി സജി ചെറിയാന് നിർദ്ദേശം നൽകി.
കാവിൽ നവീകരണത്തിനായി തയ്യാറാക്കുന്ന പദ്ധതിയിൽ താത്കാലിക ജീവനക്കാരുടെ വേതന വർദ്ധനവ് കൂടി ഉൾപ്പെടുത്തണമെന്ന് ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം.എസ്. സാജുവിന് മന്ത്രി നിർദ്ദേശം നൽകി. 2007ൽ ആരംഭിച്ച സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 23 ജീവനക്കാരിൽ 21 പേരും ദിവസവേതനക്കാരാണ്. ദിവസേന 215, 350, 400 രൂപക്ക് വരെ ജോലി ചെയ്യുന്നവരുണ്ട്. ഹൗസ് കീപ്പറുടെ പ്രതിമാസ ശമ്പളം 4250 രൂപയാണ്. ഒരു വർഷം മുമ്പ് ശമ്പളം ഉയർത്താൻ ബോർഡ് ശുപാർശ ചെയ്തെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ. ഷാജഹാൻ, സെക്രട്ടറി കെ.എൻ. ചന്ദ്രശേഖരൻ നായർ എന്നിവർ അറിയിച്ചു.