കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽ ഗവർണർ പങ്കെടുത്ത സർവകലാശാലാ വി.സിമാരുടെ യോഗസ്ഥലത്തേക്ക് കെ.എസ്.യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച 11കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കാലടി സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവമടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ഉച്ചയോടെയാണ് കെ.എസ്.യു മാർച്ച് നടത്തിയത്. മാർച്ച് ഗസ്റ്റ് ഹൗസ് പരിസരത്ത് പൊലീസ് തടഞ്ഞു. ബലപ്രയോഗത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ മുണ്ട് ഉരിഞ്ഞതാണ് കൂടുതൽ സംഘർഷത്തിൽ കലാശിച്ചത്. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി, മലയാള ഭാഷയിൽ യാതൊരു പ്രാവീണ്യമില്ലാത്ത സംസ്‌കൃത അധ്യാപികയെ മലയാള മഹാനിഘണ്ടുവിന്റെ മേധാവിയായി നിയമിച്ച നടപടി അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തുടർസമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്.അസ്‌ലം, ജില്ലാ സെക്രട്ടറി മിവാ ജോളി, ജെയിൻ ജെയിസൺ, അൽ അമീൻ അഷ്‌റഫ്, അസ്‌ലം മജീദ്, ഫ്രാൻസിസ് തേനംപറമ്പിൽ , നിമിത് സാജൻ,ഹെയിൻസ് കനീഷ് , കാനോൻ ലൂയിസ്, ഹരികൃഷ്ണൻ, അന്ന ഷിജു, വരുൺ കട്ടികാരൻ, നിഖിൽ ജോസഫ്, മുഹമ്മദ് റിസ്വാൻ തുടങ്ങിയവർ പങ്കെടുത്തു.