വൈപ്പിൻ: നിസ്വാർത്ഥ ത്യാഗ സുരഭില സാമൂഹ്യ സേവനത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും ഉദാത്ത മാതൃകയാണ് സർവ്വോദയം കുര്യനെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. രാഷ്ട്രീയ,സാമൂഹ്യ സേവനം സാമ്പത്തിക ലാഭത്തിനുള്ള നിധിഖനിയായി തെറ്റിദ്ധരിക്കപ്പെടുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തനശൈലി കൂടുതൽ പ്രസക്തമാകുകയാണ്. സർവ്വോദയം കുര്യന്റെ ഇരുപത്തിരണ്ടാം ചരമ വാർഷിക ദിനാചരണം ഞാറക്കൽ ചാമ്പ്യൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ചടങ്ങിൽ സർവ്വോദയം കുര്യൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ചികിത്സ സഹായ വിതരണം ഞാറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് നിർവഹിച്ചു. അഡ്വ. മജ്‌നു കോമത്ത്, ടി. ആർ. ദേവൻ, പി. പി. ഗാന്ധി, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജോസഫ് നരികുളം, കൺവീനർ ജോണി വൈപ്പിൻ, ജനറൽ സെക്രട്ടറി ആന്റണി പുന്നത്തറ, ഫ്രാൻസിസ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സർവ്വോദയം കുര്യന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.