കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെ കണ്ടെത്താൻ പൊലീസ് തങ്ങളെ ദ്രോഹിക്കുന്നതായി ആരോപിച്ച് പിതാവും ഷാൻ മുഹമ്മദിന്റെ ഭാര്യയും നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഷാൻ മുഹമ്മദിനെ തേടി വീട്ടിലെത്തുന്ന പൊലീസ് കുട്ടികളെയും ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹർജിക്കാരുടെ പരാതി. എന്നാൽ ഇയാളെ കണ്ടെത്താൻ അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും പൊലീസ് ബോധിപ്പിച്ചു. കേസന്വേഷണത്തിന് നിയമാനുസൃത മാർഗങ്ങളേ സ്വീകരിക്കാവൂയെന്ന് ഇൗ ഘട്ടത്തിൽ കോടതി പറഞ്ഞു. പ്രായമായവരെയും കുട്ടികളെയും അന്വേഷണവുമായി ബന്ധപ്പെടുത്തില്ലെന്ന് പൊലീസും വ്യക്തമാക്കി. തുടർന്നാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ഹർജി വിശദീകരണത്തിനായി മാറ്റിയത്.

ഷാൻ മുഹമ്മദിന്റെ മുൻ ഡ്രൈവർ റിയാസാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ മാർച്ചിൽ പീഡിപ്പിച്ചത്. ഇൗ സംഭവം അറിഞ്ഞിട്ടും ഷാൻ മറച്ചുവച്ചെന്നും പരാതി പറയാനെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.