കൊച്ചി: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് ഫോണിൽ വധഭീഷണി. യു.എ.ഇ നമ്പറിൽ നിന്ന് ഇന്നലെ രാവിലെ 11.28 ഓടെയാണ് ഭീഷണി കാൾ എത്തിയത്. സംസാരം നാല് മിനിറ്റോളം നീണ്ടുനിന്നു. അടുത്തിടെ പുറത്തിറങ്ങിയ തന്റെ പുസ്തകത്തിന്റെ പേരിൽ മലയാളിയാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്ന് കെ.എസ്. രാധാകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. മോശം വാക്കുകളുപയോഗിച്ച് സംസാരിച്ചയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 11.32നും 12.14നും ഇതേ നമ്പരിൽനിന്നും വീണ്ടും ഫോൺ വിളിക്കാൻ ശ്രമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ-മെയിലിലൂടെ പരാതി നൽകി.
മഹാരാജാസ് കോളേജ് അദ്ധ്യാപകനായിരിക്കുമ്പോഴും കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായിരിക്കുമ്പോഴും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.