ഫോർട്ട് കൊച്ചി: സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായം തകർച്ചയിലേക്ക്. നിരോധനം തീരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുറംകടലിലേക്ക് പോകാൻ തയ്യാറെടുക്കുന്ന മൽസ്യബന്ധന ബോട്ടുകൾക്ക് ഇന്ധന വില വർദ്ധന കീറാമുട്ടിയായിരിക്കുകയാണ്. ചെറിയ ബോട്ടുകൾക്ക് ഒരു ദിവസം കടലിൽ പോയി മീൻ പിടിക്കുന്നതിന് ഒരു ലക്ഷവും ആഴക്കടൽ മൽസ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് 5 ദിവസത്തിന് 5 ലക്ഷം രൂപയുമാണ് ഇന്ധന ചിലവ് വരുന്നതെന്നാണ് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഇതിനിടയിൽ ബോട്ടുകൾ വാങ്ങാൻ എടുത്ത ബാങ്ക് ലോൺ തിരിച്ചടവും.
അതേസമയം, നിരോധന കാലത്തും കേരളത്തിന് വേണ്ട ചെമ്മീനുകളായ കരിക്കാടി, നാരൻ, പൂവാലൻ മീനുകളായ കണവ, കൂന്തൽ, ചാള, അയല തുടങ്ങിയ മീനുകളെ ചൈനയുടെ വിദേശ കപ്പൽ എത്തി തൂത്തുവാരി കൊണ്ടു പോകുന്നതിനാൽ നാട്ടിലുള്ളവർക്ക് മീൻ കിട്ടാത്ത അവസ്ഥയാണ്. ലൈറ്റ് ഉപയോഗിച്ചുള്ള മൽസ്യ ബന്ധനം അധികാരികൾ നിർത്തലാക്കിയതും വിനയായി. ഇപ്പോൾ, 60 ദിവസം പ്രജനനം ഉണ്ടായിട്ടും കടലിൽ മീൻ ഇല്ലാത്ത സ്ഥിതിയാണ്. ഈ നിരോധനം ഒക്ടോബർ - നവംബർ മാസങ്ങളിലേക്ക് നീട്ടണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഈ മേഖലയിലെ ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഭാരവാഹി ജോസഫ് സേവ്യർ കളപ്പുരക്കൽ പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയിട്ടുണ്ട്.