കൊച്ചി: എറണാകുളത്തപ്പന്റെ മാനസപുത്രിയാകാൻ പാറു എത്തി. ഇനി പാ‌ർവതിക്കും ജാനകിക്കും കിങ്ങിണിക്കും, താരയ്ക്കും കൂട്ടായി അവൾ എറണാകുളം ശിവ ക്ഷേത്രത്തിൽ ഉണ്ടാകും. റിട്ട. എസ്.പി മുരളീധരൻ നായ‌‌ർ നടയ്ക്കിരുത്തിയ ഉദ്ദേശം മൂന്ന് വയസ്സുള്ള വെച്ചൂർ പശുവാണ് പാറു. വെള്ളിയാഴ്ച രാവിലെ നടയ്ക്കിരുത്തിയ പാറു എട്ടുമാസം ഗർഭിണിയാണ്. പാറുവിന്റെ പ്രസവത്തോടെ ക്ഷേത്രത്തിലെ ഗോശാലയിൽ കണ്മണികൾ രണ്ടാകും. ജാനകിയുടെ കിടാവ് ഒരു മാസം പ്രായമായ താരയാണിപ്പോൾ ഇവിടുത്തെ താരം. ഗോശാലയിലും എറണാകുളത്തപ്പൻ ഗ്രൗണ്ടിലും തുള്ളിച്ചാടി നടക്കാൻ താരയ്ക്ക് കൂട്ടായി ഇനി പാറുവിന്റെ കണ്മണി കൂടി എത്തും. പാറുവും കൂടി വന്നതോടെ ഗോശാല വീതി കൂട്ടി പണിയാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളം ക്ഷേത്രം ക്ഷേമസമിതി ഭാരവാഹികൾ. മറ്റു രണ്ടു പശുക്കളും കൂടി പ്രസവിക്കുമ്പോൾ സ്ഥലം മതിയാകാതെ വരും. വേറെ ചില‌ർകൂടി പശുക്കളെ നടയ്ക്കിരുത്താൻ സമീപിച്ചിട്ടുണ്ട്. ആറ് പശുക്കളെ കൂടി ഉൾക്കൊള്ളുന്ന തരത്തിലാണ് ഗോശാല നി‌ർമ്മിക്കുന്നത്. എറണാകുളത്തപ്പന്റെ അഭിഷേകത്തിനും ധാരയ്ക്കും എല്ലാം ആവശ്യമായ പാല് ഗോശാലയിലെ പശുക്കളുടേതാണ്. ഭസ്മാഭിഷേകത്തിനു ആവശ്യമായ ഭസ്മവും ഈ പശുക്കളുടെ ചാണകം കരിച്ചാണ് ഉണ്ടാക്കുന്നത് എന്ന് ക്ഷേത്രം ക്ഷേമസമിതി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.