കൊച്ചി: ദേശീയ നഗര ആരോഗ്യദൗത്യത്തിന്റെ (എൻ.യു.എച്ച്.എം) ഭാഗമായി സംസ്ഥാനത്തെ ആദ്യ നഗര സാമൂഹിക ആരോഗ്യ കേന്ദ്രം (അർബൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ)തേവരയിൽ പ്രവർത്തനം ആരംഭിക്കും. വൃദ്ധസദനമായി പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടം ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയായി മാറുന്നത്. ജനറൽ മെഡിസിൻ ,പീഡിയാട്രി, സൈക്കോളജി, ഗൈനക്കോളജി, ഇ.എൻ.ടി., ഡെന്റൽ എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്‌ടർമാരുടെ സേവനം ഒരുക്കും. പെരുമാനൂർ, തേവര, ഐലന്റ്, കോന്തുരുത്തി എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഈ ആരോഗ്യകേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കും. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ടാകും. പത്തു കിടക്കകളാണ് ഇവിടെ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി കെട്ടിടം മോടി കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ടു മാസത്തിനുള്ളിൽ പണികൾ തീർക്കാനാണ് ശ്രമം.
ആശുപത്രിക്കാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാകുന്നത് വരെ തേവര ഫെറിയിലുള്ള ബി.സി.എഫ്. ഹോസ്പിറ്റൽ ഹെൽത്ത് സെന്റർ പ്രവർത്തനത്തിനായി വിട്ടു നൽകാൻ ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ ഗ്രൂപ്പ് കോർപ്പറേഷൻ അധികൃതരെ സമ്മതമറിയിച്ചു. അടുത്ത ദിവസം മുതൽ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി ഇവിടേക്ക് മാറ്റും. ജനറൽ ഒ.പി., സൗജന്യ ലാബ്, ഫാർമസി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
അറ്റകുറ്റപ്പണികളുടെ നിർമ്മാണോദ്‌ഘാടനം മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിച്ചു. എൻ.യു.എച്ച്.എം. ജില്ല പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലിൽ, വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ഡിവിഷൻ കൗൺസിലർ പി.ആർ. റെനീഷ്, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷീബ ലാൽ, പ്രിയ പ്രശാന്ത്, ജെ. സനിൽമോൻ, കൗൺസിലർ ബെൻസി ബെന്നി, മുൻ കൗൺസിലർ എലിസബത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.