പറവൂർ: തിരുമുപ്പം മഹാദേവ ക്ഷേത്രത്തിന്റെ ഭൂമിയിൽ അധികൃതർ നോട്ടമിടരുതെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന് മഹാക്ഷേത്രത്തിന്റെ കുളം, ആൽമരം, ശ്രീകൃഷ്ണക്ഷേത്രം എന്നിവ നിലവിൽ സംരക്ഷിച്ചു കൊണ്ടാണ് ഭൂമി ഏറ്റെടക്കൽ നടപടികൾ പൂർത്തിയാക്കി കല്ലിടൽ നടത്തിയിട്ടുള്ളത്. എന്നാൽ ചില തൽപരകക്ഷികൾ ക്ഷേത്രഭൂമി നോട്ടമിട്ട് മേസ്തിരിപ്പടി മുതൽ തിരുമുപ്പം വരെയുള്ള ഭാഗം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് അധികൃതർ പ്രവർത്തിക്കരുത്. ഇത്തരം നീക്കമുണ്ടായാൽ ശക്തമായ സമരപരിപാടികളുമായി ഹിന്ദു ഐക്യവേദി മുന്നിട്ടിറങ്ങാൻ യോഗം തിരുമാനിച്ചു. ജില്ലാ സെക്രട്ടറി പ്രകാശൻ തുണ്ടത്തുകടവ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് പി.കെ. ശശി, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എൻ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി ജോർജ് ഷൈൻ, തിരുമുപ്പം ദേവസ്വം സീനിയർ മാനേജർ കെ.എ. സന്തോഷ് കുമാർ, അസിസ്റ്റന്റ് മാനേജർ എം.ജി. ശശിനാഥ്, ജോയിന്റ് കൺവീനർ സി.കെ. ലൈജുമോൻ എന്നിവർ പങ്കെടുത്തു.