കാലടി: പുസ്തകങ്ങളോടൊപ്പം വർണങ്ങളേയും ചേർത്തുനിർത്തുകയാണ് അനാമിക ഷിജു. കാലടി ശിവരാത്രിക്കടവ് വരയിൽ വീട്ടിൽ ഷിജു-സ്മിത ദമ്പതികളുടെ മകളായ അനാമിക ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് . നിർദ്ധന കുടുംബാംഗമായ ഷിജു ജീവിത ഭാരങ്ങൾക്കിടയിലും മകളെ ചിത്രകല പഠിപ്പിക്കാൻ കാണിച്ച വലിയ മനസാണ് അനാമിക എന്ന ചിത്രകാരിയിലേക്കുള്ള കാൽവയ്പ്. ഓയിലിലും അക്രിലിക്കിലും വാട്ടർ കളറിലും ചെയ്ത ചിത്രങ്ങൾ കൊണ്ട് വീടൊരു ചിത്രപ്രദർശനശാല പോലെ മനോഹരമാക്കിയിട്ടുണ്ട് അനാമിക. ഓയിൽ പെയിന്റിൽ ആദിശങ്കരന്റെ ചിത്രത്തിന്റെ പണിപ്പുരയിലാണ് അനാമികയിപ്പോൾ. പരസ്യകലാകാരനും കിടങ്ങൂർ ഓക്സിലിയം സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ രാജു സെന്റോർ മലയാറ്റൂരിന്റെ വിദ്യാർത്ഥിനിയാണ് അനാമിക.