കൊച്ചി: ഒരു മാസത്തിനിടെ വിവിധ വകുപ്പുകൾ തങ്ങളുടെ സ്ഥാപനത്തിൽ 11 തവണ പരിശോധനകൾ നടത്തിയതിന് പിന്നിൽ സി.പി.എം കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിനാണെന്ന് രേഖകൾ പുറത്തുവിട്ട് കിറ്റെക്സ് ആരോപിച്ചു. ആരോഗ്യ, തൊഴിൽ വകുപ്പുകൾ പരിശോധിച്ചത് ശ്രീനിജിന്റെ നിർദേശപ്രകാരമാണെന്ന് രേഖകളിൽ പറയുന്നു.
എം.എൽ.എ അയച്ചുതന്ന ശബ്ദസന്ദേശ പ്രകാരമാണ് കിറ്റെക്സിൽ പരിശോധന നടത്തിയതെന്ന് മലയിടംതുരുത്ത് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മേയ് 10ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അയച്ച റിപ്പോർട്ടിലുണ്ട്. തൊഴിൽവകുപ്പ് ആദ്യ പരിശോധന നടത്തിയത് എം.എൽ.എയുടെ നിർദേശപ്രകാരമാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ റിപ്പോർട്ടിലും പറയുന്നു.
രണ്ട് റിപ്പോർട്ടിന്റെയും പകർപ്പുകൾ കിറ്റെക്സ് പുറത്തുവിട്ടു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാനായ സബ് ജഡ്ജി പരിശോധനയ്ക്ക് മുമ്പ് തന്നെ വിളിച്ചിരുന്നതായി എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജീവനക്കാരിയുടേതെന്ന പേരിൽ വ്യാജ ശബ്ദസന്ദേശം പ്രചരിപ്പിച്ചാണ് ശ്രീനിജിൻ പരാതികളുണ്ടാക്കി സമ്മർദ്ദം ചെലുത്തിയതെന്ന് കിറ്റെക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം.ജേക്കബ് പറഞ്ഞു. ഉദ്യോഗസ്ഥരെ പലതവണ ഫോണിൽവിളിച്ച് കിറ്റെക്സിനെതിരെ റിപ്പോർട്ട് കൊടുക്കണമെന്ന് സമ്മർദ്ദം ചെലുത്തി.
മുൻ കോൺഗ്രസുകാരനായ ശ്രീനിജിൻ നാല് കോൺഗ്രസ് എം.എൽ.എമാരെയും കൂട്ടുപിടിച്ചു. കിറ്റെക്സിനെ അടച്ചുപൂട്ടിക്കാൻ ഈ അഞ്ച് എം.എൽ.എമാരുടെ ആസൂത്രിത നീക്കമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.